madhukka-balakrishnani
ഇലിപ്പ വംശത്തിലെ നൂറ്റിഒന്നാമനായ 'മധുക്കബാലകൃഷ്ണാനി'യും പ്രസന്നകുമാറും

തൊടിയൂർ: മുറ്റത്ത് വളർന്ന് പന്തലിച്ച മരത്തിന്റെ മഹത്വം വീട്ടുകാർ തിരിച്ചറിഞ്ഞത് എട്ടരപ്പതിറ്റാണ്ടിനുശേഷം. ഔഷധഗുണം ഏറെയുള്ള അപൂർവ ഇനത്തിൽപ്പെട്ട ഇലിപ്പ മരത്തെയാണ് കണ്ടെത്തിയത്.

ഇലിപ്പ വംശത്തിലെ നൂറ്റിയൊന്നാമൻ 'മധുക്കബാലകൃഷ്ണാനി' ആണ് തൊടിയൂർ കല്ലേലിഭാഗം മുഴങ്ങോടി മഠത്തിനാൽ തെക്കതിൽ വിമുക്ത ഭടൻ പ്രസന്നകുമാറിന്റെ വീട്ടുമുറ്റത്ത് പൂത്ത് തളിർത്ത് നിൽക്കുന്നത്.

പാലോട് ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകരായ ഡോ. ഇ.എസ്. സന്തോഷ് കുമാർ, എസ്. ഷൈലജകുമാരി, എസ്. മുഹമ്മദ് ഷെരീഫ് എന്നിവരാണ് ഇലിപ്പ വംശത്തിലെ നൂറ്റിയൊന്നാമത്തെ ഇനമാണിതെന്ന് സ്ഥിരീകരിച്ചത്.

മരത്തിന്റെ പൂവും കായും ഇലകളും ശേഖരിച്ചാണ് പഠനം നടത്തിയത്. മധുരമുള്ള പൂവും കായും ഭക്ഷ്യയോഗ്യമാണെന്നും കണ്ടെത്തി. നന്നായ് പഴുത്താലും പച്ചനിറമാണ് പഴത്തിന്.

'മധുക്കബാലകൃഷ്ണാനി'

പ്രസന്നകുമാറിന്റെ അച്ഛൻ വടക്കൻ മൈനാഗപ്പള്ളി ശ്രീകൃഷ്ണവിലാസം പ്രൈമറി സ്കൂളിലെ സംസ്കൃത അദ്ധ്യാപകനായിരുന്ന ബാലകൃഷ്ണപിള്ളയാണ് വീട്ടുമുറ്റത്ത് 85 വർഷം മുമ്പ് ഇലിപ്പമരം നട്ടത്. അതിനാൽ അദ്ദേഹത്തിന്റെ പേരുകൂടി ചേർത്താണ് 'മധുക്കബാലകൃഷ്ണാനി' എന്ന് മരത്തിന് ശാസ്ത്രീയ നാമം നൽകിയത്. ജന്മനക്ഷത്രവുമായി ബന്ധപ്പെട്ട വിശ്വാസത്തിന്റെ അടിസ്ഥാനത്തിലായിരിക്കാം ഇലിപ്പമരം നട്ടതെന്ന് കരുതുന്നു. ബാലകൃഷ്ണപിള്ളയും ഭാര്യ ലക്ഷ്മിക്കുട്ടിഅമ്മയും പ്രത്യേക ശ്രദ്ധ നൽകിയിരുന്നു. ബാലകൃഷ്ണപിള്ള 55 വർഷം മുമ്പും ലക്ഷ്മിക്കുട്ടിഅമ്മ 2007ലുമാണ് മരിച്ചത്. തുടർന്ന് പ്രസന്നകുമാറും ഭാര്യ ഷീജയും ഇവരുടെ മക്കളായ പാർവതിയും (എം.എസ്‌സി ബിരുദധാരി) കൃഷ്ണപ്രിയയുമാണ് (ബി.എസ്‌സി സുവോളജി അവസാന വർഷ വിദ്യാർത്ഥി) ഇപ്പോൾ മരത്തെ പരിപാലിക്കുന്നത്.

വിവരങ്ങൾ ന്യൂസിലാൻഡിലെ മാഗസിനിൽ

തൊടിയൂരിൽ കണ്ടെത്തിയ അപൂർവയിനം സസ്യത്തിന്റെ വിവരങ്ങൾ ന്യൂസിലാൻഡിലെ അന്താരാഷ്ട്ര മാഗസിനായ ഫൈറ്റോടാക്സയിലും (Phytotaxa) പ്രസിദ്ധീകരിച്ചു. മാസങ്ങൾ മുമ്പ് പരവൂരിലെ ക്ഷേത്രക്കാവിൽ നൂറാമത്തെ ഇലിപ്പമരം കണ്ടെത്തിയിരുന്നു. ഈ വാർത്ത ശ്രദ്ധയിൽപ്പെട്ട പ്രസന്നകുമാറിന്റെ ബന്ധുക്കളായ ശ്രീജിയും ഗിരീഷും ചേർന്നാണ് പ്രസന്നകുമാറിന്റെ വീട്ടുമുറ്റത്തെ മരം ഗവേഷകരുടെ ശ്രദ്ധയിൽപ്പെടുത്തിയത്.