കൊല്ലം: ശൂരനാട് സൗത്ത് പഞ്ചായത്തിലെ പതാരത്ത് കുട്ടികളുടെ ഡിജിറ്റൽ പഠനം നിരന്തരം തടസപ്പെടുത്തി കെ.എസ്.ഇ.ബി. വൈദ്യുതി തടസമുണ്ടാകുന്നതിനാൽ ഈ മേഖലയിലെ സ്കൂൾ വിദ്യാർത്ഥികൾക്ക് വിക്ടേഴ്സ് ചാനൽ വഴിയുള്ള ക്ലാസുകൾ നഷ്ടമാവുകയാണ്. പലപ്പോഴും വൈദ്യുതി നഷ്ടമായാൽ മണിക്കൂറുകൾക്ക് ശേഷമാണ് പുനസ്ഥാപിക്കുന്നത്. ബ്രോഡ് ബാൻഡ് കണക്ഷനുകൾ ഉപയോഗിക്കുന്ന കുട്ടികളുടെ ഓൺലൈൻ പഠനവും മുടങ്ങുന്നുണ്ട്. ഇക്കാര്യങ്ങൾ കെ.എസ്.ഇ.ബി അധികൃതരുടെ ശ്രദ്ധയിൽ പലതവണ പെടുത്തിയിട്ടും യാതൊരു മാറ്റവുമില്ലെന്ന് പ്രദേശവാസികൾ പറയുന്നു. പകൽ സമയം മുഴുവൻ വൈദ്യുതിയില്ലാതിരുന്ന ദിവസങ്ങളും ഉണ്ടായിരുന്നു.
'' വൈദ്യുതി നിരന്തരം തടസപ്പെടുമ്പോൾ ജനങ്ങൾക്ക് പലതരത്തിലുള്ള ബുദ്ധിമുട്ടുകളും ഉണ്ടാകാറുണ്ട്. എന്നാൽ വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ, ഓൺലൈൻ ക്ലാസുകൾ നഷ്ടമാകുന്നത് പരിഹരിക്കാൻ കഴിയാത്ത നഷ്ടമാണ്. പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടാകണം.''
കെ.ആർ. രാധാകൃഷ്ണപിള്ള(പ്ലാനിംഗ് ബോർഡ് മുൻ കൺസൾട്ടന്റ്)
'' കരുനാഗപ്പള്ളി സബ് സ്റ്റേഷന്റെ സ്ഥാപിത് ശേഷി 66 കെ.വിയിൽ നിന്ന് 110 ആയി ഉയർത്തുന്നതിന്റെ പ്രവൃത്തി നടക്കുന്നതാണ് വൈദ്യുതി മുടങ്ങുന്നതിന്റെ പ്രധാന കാരണം. പതാരം മേഖലയിൽ കിഫ്ബിയിൽ ഉൾപ്പെടുത്തിയുള്ള റോഡ് നിർമ്മാണവും നടക്കുന്നു. അതിനായി ഇടയ്ക്കിടെ വൈദ്യുതി ബന്ധം വിച്ഛേദിച്ച് നൽകേണ്ടി വരുന്നു. വൈകാതെ പ്രശ്നങ്ങൾക്ക് പരിഹാരമാകും.''
ഗോപകുമാർ(അസി. എക്സിക്യുട്ടീവ് എൻജിനിയർ, കെ.എസ്.ഇ.ബി ശൂരനാട് സെക്ഷൻ)