പോരുവഴി : ചക്കുവള്ളിയെയും പരിസര പ്രദേശത്തെ വികസനത്തെയും തകർക്കാൻ ചക്കുവളളി ചിറയും പരിസര പ്രദേശങ്ങളും ബഫർ സോണായി പ്രഖ്യാപിക്കാനുള്ള ചില വ്യക്തികളുടെ നീക്കത്തിനെതിരെ ചക്കുവള്ളി സംരക്ഷണസമിതിയും വ്യാപാരിവ്യവസായി ഏകോപന സമിതിയും ജനപ്രതിനിധികളും , രാഷ്ടീയ നേതൃത്വവും പ്രക്ഷോഭത്തിലേക്ക്.
ശുദ്ധജല തടാകമോ കുടിവെള്ള ശ്രോതസോ അല്ല
കർഷകർക്ക് കൃഷിയ്ക്കാവശ്യത്തിന് മണ്ണ് ബണ്ട് നിർമ്മിക്കുന്നതിന് മണ്ണ് എടുത്ത കുഴികളും പൊലീസ് സ്റ്റേഷൻ, പൊലീസ് കോർട്ടേഴ്സ്, പോരുവഴി ഗവ.ഹൈസ്കൂൾ കെട്ടിടം എന്നിവ നിർമ്മിക്കുന്നതിനാവശ്യമായ വെട്ടുകല്ല് വെട്ടിയതിന്റെ കുഴികളുമാണ് പിന്നീട് വെള്ളക്കെട്ടായി മാറിയത്. അല്ലാതെ , ചക്കുവള്ളി ചിറ ഒരു ശുദ്ധജല തടാകമോ കുടിവെള്ള ശ്രോതസോ അല്ല. കന്നുകാലികളെ കുളിപ്പിക്കുന്നതിനും വാഹനങ്ങൾ കഴുകുന്നതിനുമാണ് ഈ ജലം ഉപയോഗിച്ചു വരുന്നത്.
വ്യക്തിതാത്പര്യത്തിനു വേണ്ടിയുള്ള പരാതി
ഈ ജലാശയത്തിന്റെ 300 മീറ്റർ ചുറ്റളവിൽ അനേകം ഗവ.ഓഫിസുകൾ, ബാങ്കുകൾ, ആശുപത്രികൾ, ദേവാലയങ്ങൾ, മുസ്ലീം പള്ളികൾ, ക്രിസ്തീയ ദേവാലയങ്ങൾ എന്നിവ പ്രവർത്തിക്കുന്നു. ഈ ജലാശയത്തിന്റെ ചുറ്റുമുള്ള 10.5 ഏക്കർ നിരപ്പായ റവന്യൂ ഭൂമിയിലാണ് കുന്നത്തൂർ താലൂക്കിലെ മിനി സ്റ്റേഡിയം, ചിൽഡ്രൻസ് പാർക്ക്, സബ് ആർ. ടി.സി. ഓഫീസ് കെട്ടിടം, സതേൺ റീജിയണൽ എൻഫോഴ്സ്മെന്റ് സ്കോഡ് യൂണിറ്റ്, ഡ്രൈവേഴ്സ് ട്രെയിനിംഗ് സെന്റർ തുടങ്ങിയ കെട്ടിടങ്ങൾ പണിയുന്നതിനുള്ള പ്രോജക്ടുകൾ സർക്കാരിന് സമർപ്പിച്ചിരിക്കുന്നത്. ഈ പ്രദേശമാണ് 300 മീറ്റർ ചുറ്റളവിൽ യാതൊരു നിർമ്മാണ പ്രവർത്തനവും നടത്താൻ പാടില്ല എന്നു കാണിച്ച് വ്യക്തിതാത്പര്യത്തിനു വേണ്ടി ചെന്നെ ട്രൈബ്യുണലിൽ പരാതി കൊടുത്തിരിക്കുന്നത്. ഇതിനെതിരെ ശക്തമായ പ്രക്ഷോഭത്തിന് ചക്കുവള്ളി സംരക്ഷണ സമിതി ഒരുങ്ങുകയാണ്.