അഞ്ചൽ: ശ്രീനാരായണ ദർശനങ്ങൾ ആഗോളതലത്തിൽ പ്രചരിപ്പിക്കുന്നതിൽ സ്വാമി പ്രകാശാനന്ദയുടെ പങ്ക് വിസ്മരിക്കാനാകാത്തതാണെന്ന് ഗുരുധർമ്മ പ്രചാരണ സഭ പുനലൂർ നിയോജക മണ്ഡലം പ്രസിഡന്റും ശബരിഗിരി ഗ്രൂപ്പ് ചെയർമാനുമായ ഡോ. വി.കെ.ജയകുമാർ പറഞ്ഞു. ഗുരുധർമ്മ പ്രചാരണസഭ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അഞ്ചൽ ശാന്തി കേന്ദ്രത്തിൽ നടന്ന സ്വാമി പ്രകാശാനന്ദ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തികഞ്ഞ സന്യാസി ജീവിതം നയിച്ച സ്വാമിക്ക് പത്തുവർഷക്കാലം ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റായി പ്രവർത്തിക്കുന്നതിനും സന്യാസിമാരെ ഒത്തൊരുമയോടെ നയിക്കാൻ കഴിഞ്ഞതായും ഡോ.ജയകുമാർ പറഞ്ഞു. ചടങ്ങിൽ ഗുരുധർമ്മ പ്രചാരണ സഭ നിയോജക മണ്ഡലം സെക്രട്ടറിയും സംസ്ഥാന പ്ലാനിംഗ് ബോർഡ് റിട്ട. അഡിഷണൽ ഡയറക്ടറുമായ കെ. നടരാജൻ അദ്ധ്യക്ഷനായി. റിട്ട. ഡി.എഫ്.ഒ വി.എൻ. ഗുരുദാസ്, കുളത്തൂപ്പുഴ രാമകൃഷ്ണൻ, വിളക്കുപാറ സുദർശനൻ, സഭാ വനിതാസംഘം മുൻപ്രസിഡന്റ് ലീലാ യശോധരൻ, രവീന്ദ്രൻ കുരിശിൻമൂട്, സുകുമാരൻ തേവർതോട്ടം, ജലജാ വിജയൻ എന്നിവർ പങ്കെടുത്തു.