mla
ഉൾനാടൻ ജലഗതാഗത വകുപ്പ് ഡയറക്ടറുമായി സി.ആർ.മഹേഷ് എം.എൽ.എ വിവിധ പ്രദേശങ്ങളിലെ സന്ദർശനത്തിനിടെ ആശയവിനിമയം നടത്തുന്നു

ഓച്ചിറ: കേന്ദ്ര ഉൾനാടൻ ജലഗതാഗത വകുപ്പ് ഡയറക്ടർ മാത്യൂ ജോർജ്ജുംസംഘവും ആലപ്പാട് പഞ്ചായത്തിന്റെ തീരപ്രദേശം സന്ദർശിച്ചു. തിരദേശത്ത് വേലിയേറ്റ സമയത്തെ കടൽവെള്ളക്കയറ്റത്തിനെക്കുറിച്ച് സി.ആർ. മഹേഷ് എം.എൽ.എ ആവശ്യപ്പെട്ടതിനെ തുടർന്നാണ് സംഘം സ്ഥലം സന്ദർശിച്ചത്. ആലപ്പാട്, കുലശേഖരപുരം കരുനാഗപ്പള്ളി തുടങ്ങിയ വിവിധ പ്രദേശങ്ങളിൽ സംഘം പരിശോധന നടത്തി. അഴീക്കൽ മുതൽ വെള്ളനാതുരുത്ത് വരെയുള്ള കായൽ വേലിയേറ്റ പ്രദേശങ്ങൾ, കുലശേഖരപുരം പഞ്ചായത്തിലെ കെട്ടിടത്തിൽ കടവ്, കരുനാഗപ്പള്ളി നഗരസഭയിലെ കല്ലുമൂട്ടിൽ കടവ് തുടങ്ങിയ പ്രദേശങ്ങളും സംഘം സന്ദർശിച്ചു. ആവശ്യമായ സ്ഥലങ്ങളിൽ സംരക്ഷണ ഭിത്തി നിർമ്മിക്കുവാൻ നടപടി സ്വീകരിക്കുമെന്നും തുടർ നിർമ്മാണ പ്രവർത്തനമെന്ന നിലയിൽ ടി.എസ് കനാലിന്റെ ഇരുവശങ്ങളിലും സംരക്ഷണ ഭിത്തി നിർമ്മിക്കുമെന്നും സംഘം ഉറപ്പ് നൽകി. ആലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു. ഉല്ലാസ്, വൈസ് പ്രസിഡന്റ് ടി. ഷൈമ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഷെർളി ശ്രീകുമാർ, നിഷ അജയകുമാർ, ഗ്രാമ പഞ്ചായത്തംഗങ്ങളായ അഭിലാഷ്, പി. ലിജു, പ്രസീതാകുമാരി, ഷിജി, സരിതാ ജനകൻ, ഉദയകമാരി, ബേബി തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു.