എഴുകോൺ: എഴുകോൺ, കരീപ്ര പഞ്ചായത്തുകളിൽ ട്രിപ്പിൾ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ നിലവിൽ വന്നു. അവശ്യ വസ്തുകൾ വില്കുന്ന കടകൾക്ക് മാത്രമേ പ്രവർത്തനാനുമതിയുള്ളു. പലചരക്ക്, പച്ചക്കറി, പഴവർഗം, പാൽ, മൽസ്യം, മാംസം എന്നിവ വിൽക്കുന്ന കടകൾ മാത്രം രാവിലെ 7 മുതൽ ഉച്ചയ്ക്ക് 2 വരെ പ്രവർത്തിക്കാം. അത്യാവശ്യത്തിന് പുറത്തിറങ്ങുന്നവർ സത്യവാങ്മൂലം കൈയിൽ കരുതണം. എഴുകോൺ മത്സ്യ ചന്ത രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെയും പരുത്തൻപാറ ചന്ത രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് 11.30 വരെയും പ്രവർത്തിക്കുമെന്ന് പ്രസിഡന്റ് അഡ്വ. രതീഷ് കിളിത്തട്ടിൽ അറിയിച്ചു. കൊവിഡ് ടെസ്റ്റുകൾ വ്യാപകമായി നടത്തുന്നതിന് കരീപ്ര പഞ്ചായത്ത് അവലോകനം തീരുമാനിച്ചു. രോഗലക്ഷണമുളള എല്ലാവർക്കും രോഗനിർണയ ക്യാമ്പിൽ എത്തുന്നതിന് പഞ്ചായത്തിന്റെ നേതൃത്ത്വത്തിൽ വാഹന സൗകര്യം ഏർപ്പെടുത്തുമെന്ന് പ്രസിഡന്റ് അഡ്വ. പി.എസ്. പ്രശോഭ പറഞ്ഞു.
നെടുമൺകാവ് സി.എച്ച്.സിയുടെ നേതൃത്വത്തിൽ നെടുമണ്‍കാവ് ഗവ.യു.പി.എസിൽ നടന്ന കൊവിഡ് രോഗ നിർണയ ക്യാമ്പ് പകുതിക്ക് നിർത്തിവച്ചത് പ്രതിഷേധത്തിന് ഇടയാക്കി. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി.എസ്.പ്രശോഭയുടെ നേതൃത്ത്വത്തിൽ മെഡിക്കൽ ഓഫീസറുമായി ചർച്ച നടത്തി രോഗനിർണയ ക്യാമ്പ് പുനരാരംഭിക്കുകയായിരുന്നു.