ചാത്തന്നൂർ : കാമുകനെ മർദിക്കാൻ ക്വട്ടേഷൻ നൽകിയ കേസിൽ റിമാൻഡിൽ ജയിലിലായിരുന്ന പ്രതികൾക്ക് കോടതി ജാമ്യം അനുവദിച്ചു. ക്വട്ടേഷൻ നൽകിയ മയ്യനാട് സങ്കീർത്തനയിൽ ലെൻസി ലോറൻസ് (ചിഞ്ചു-30), വടക്കല കണ്ണമ്പ പുല്ലാനിയോട് മാനസസരസിൽ അനന്ദു (21), അയിരൂർ തുണ്ടിൽ വീട്ടിൽ അമ്പു (33) എന്നിവർക്കാണ് പരവൂർ സെഷൻസ് ജഡ്ജ് കെ.വി. ജയകുമാർ കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
കഴിഞ്ഞ ജൂൺ 14 നായിരുന്നു കേസിനാസ്പദമായ സംഭവം. കൊട്ടിയത്തെ ഒരു ധനകാര്യസ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന ശാസ്താംകോട്ട സ്വദേശി ഗൗതമിനെ സഹപ്രവർത്തകനായ വിഷ്ണുവിനെ ഉപയോഗിച്ച് വിളിച്ചുവരുത്തി കണ്ണമ്പയിലെത്തിച്ച് മർദിച്ചുവെന്നാണ് കേസ്. ഔദ്യോഗിക ആവശ്യത്തിന് പരിചയപ്പെട്ട ഗൗതമുമായി അടുപ്പത്തിലായ ലെൻസി ലോറൻസ് ഗൗതമിന് മറ്റൊരു വിവാഹാലോചന വന്നതോടെയാണ് മറ്റു പ്രതികളുമായി ആലോചിച്ച് ആക്രമണത്തിന് പദ്ധതിയിട്ടത്. 30,000 രൂപയ്ക്കായിരുന്നു ക്വട്ടേഷൻ ഉറപ്പിച്ചത്. റിമാൻഡിലായിരുന്ന പ്രതികൾക്കുവേണ്ടി അഭിഭാഷകരായ ജെ.ആർ. നിതിൻ, എ.ബി. അനന്ദു എന്നിവർ ഹാജരായി. കേസിലെ നാലു പ്രതികൾ ഒളിവിലാണ്.