പുനലൂർ: തെന്മല പഞ്ചായത്തിലെ ചെറുകടവിൽ കാട്ടാന ഇറങ്ങി ലക്ഷക്കണക്കിന് രൂപയുടെ കാർഷിക വിളകൾ നശിപ്പിച്ചു. ചെറുകടവ് അമ്പാട്ട് വീട്ടിൽ അന്നമ്മ, കാലാട്ട് വീട്ടിൽ ജോസഫ്, ചെറുകടവ് സ്വദേശി രത്നമ്മ തുടങ്ങിയ 30ഓളം താമസക്കാരുടെ കാർഷികവിളാണ് നശിപ്പിച്ചത്.കഴിഞ്ഞ ഒരു മാസമായി ചെറുകടവിലെ ജനവാസ മേഖലയിൽ ഒറ്റയാൻ ഇറങ്ങി വ്യാപകമായി കൃഷി വിളകൾ നശിപ്പിച്ചു വരികയാണ്. വനത്തിൽ നിന്ന് സന്ധ്യയോടെ ഇറങ്ങി കൃഷികൾ നശിപ്പിക്കുന്ന ഒറ്റയാൻ പുലർച്ചെയാണ് കാട്ടിൽ കയറി പോകുന്നത്. ചെറുകടവ്, ഓലപ്പാറ, മൂലമൺ തുടങ്ങിയ ജവവാസ മേഖലയോട് ചേർന്ന പ്രദേശങ്ങളിലെ സൗരോർജ്ജ വൈദ്യുതി വേലി നശിച്ചതും കിടങ്ങുകൾ എടുക്കാത്തതുമാണ് കാട്ടാനശല്യം വർദ്ധിക്കാൻ കാരണമെന്ന് പ്രദേശവാസികൾ പറഞ്ഞു.ജനവാസമേഖലയിലെ കാട്ടാന ശല്യത്തിന് അറുതി വരുത്തണമെന്നാവശ്യപ്പെട്ട് നശിച്ച വാഴകുലകളുമായി കർഷകർ ഇന്ന് പുനലൂർ ഡി.എഫ്.ഓഫിസിലേക്ക് മാച്ച് നടത്തുമെന്ന് പ്രദേശവാസി സുധീർ മലയിൽ അറിയിച്ചു.