കൊല്ലം: എഴുകോണിൽ സബ് രജിസ്ട്രാർ- വില്ലേജ് ഓഫീസുകൾക്ക് കെട്ടിടമാകും. സിവിൽ കോംപ്ളക്സ് നിർമ്മിക്കാനുള്ള പദ്ധതിയുമായി ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിന്റെ ചന്ത പ്രവർത്തിക്കുന്ന ഭൂമിയിലാണ് സിവിൽ കോംപ്ളക്സ് നിർമ്മിക്കുക. ഇതിന്റെ രൂപരേഖ തയ്യാറാക്കുന്നതിനായി കൺസൾട്ടൻസിയെ ഏൽപ്പിക്കാൻ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചു. മൂന്നാഴ്ചയ്ക്കുള്ളിൽ രൂപരേഖ തയ്യാറാക്കി മന്ത്രി കെ.എൻ.ബാലഗോപാലിന് സമർപ്പിക്കും.
ഓഫീസുകൾ ഒരു കൂരയ്ക്ക് കീഴിൽ
ഹെടെക് മാർക്കറ്റ്, മൾട്ടി പ്ളസ് തീയേറ്റർ, സബ് രജിസ്ട്രാർ ഓഫീസ്, വില്ലേജ് ഓഫീസ്, വ്യാപാര സമുച്ചയം, അണ്ടർ ഗ്രൗണ്ട് പാർക്കിംഗ് സംവിധാനം എന്നിവ ഉൾക്കൊള്ളുന്നതാകും സിവിൽ കോംപ്ളക്സ്. സബ് രജിസ്ട്രാർ, വില്ലേജ് ഓഫീസുകൾക്ക് പൂർണമായും സൗജന്യമായി സ്ഥലം വിട്ടുനൽകും. പുതിയ സർക്കാർ ഓഫീസ് സംവിധാനങ്ങൾ വന്നാൽ അവയ്ക്കും സൗജന്യമായി സ്ഥലം നൽകും. നാഷണലൈസ്ഡ് ബാങ്ക് ഉൾപ്പടെ എല്ലാവിധ സംവിധാനങ്ങളും ഒരു കൂരയ്ക്ക് കീഴിലേക്ക് എത്തിയ്ക്കും. ശീതീകരിച്ച ഹൈടെക് ചന്ത രാവിലെ മുതൽ വൈകിട്ടുവരെ പ്രവർത്തിപ്പിക്കും. മാലിന്യ സംസ്കരണത്തിന് പ്രത്യേകം സംവിധാനങ്ങളുണ്ടാകും. സർക്കാർ ഓഫീസുകളും ചന്തയും അനുബന്ധ സൗകര്യങ്ങളുമെല്ലാം എഴുകോൺ ടൗണിൽത്തന്നെ നിലനിറുത്തുന്നത് പൊതുജനങ്ങൾക്ക് ഉപകാരപ്രദമാകും. തീയേറ്റർ സംവിധാനമെത്തുമ്പോൾ പഞ്ചായത്തിന് നല്ല രീതിയിൽ വരുമാനം ഉണ്ടാകും. നേരിട്ട് നടത്താനാണ് ആലോചനകൾ. കുറച്ചധികംപേർക്ക് തൊഴിൽ അവസരവുമാണ് ഒരുങ്ങുക.
കൺസൾട്ടൻസിയെ ഏൽപ്പിക്കും
സിവിൽ കോംപ്ളക്സ് നിർമ്മാണവുമായി ബന്ധപ്പെട്ട പ്രോജക്ട് തയ്യാറാക്കാനായി പ്രത്യേക കൺസൾട്ടൻസിയെ ഏൽപ്പിക്കുവാൻ പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു. ഇതിനായി ക്വട്ടേഷൻ ക്ഷണിക്കും. മൂന്നാഴ്ചയ്ക്കുള്ളിൽ പ്രോജക്ട് തയ്യാറാക്കി മന്ത്രിയ്ക്ക് കൈമാറും.
ഓഫീസുകൾക്ക് ശാപമോക്ഷം
ഇടിഞ്ഞുപൊളിഞ്ഞു വീഴാറായ കെട്ടിടത്തിലാണ് എഴുകോൺ വില്ലേജ് ഓഫീസ് പ്രവർത്തിക്കുന്നത്. പഞ്ചായത്ത് വിട്ടുനൽകിയ മതിയായ സൗകര്യങ്ങളില്ലാത്ത മുറികളിലാണ് സബ് രജിസ്ട്രാർ ഓഫീസിന്റെയും പ്രവർത്തനം. രണ്ട് സർക്കാർ ഓഫീസുകൾക്കും കെട്ടിടം നിർമ്മിക്കാൻ തുക അനുവദിച്ചിട്ടും ഭൂമി ഇല്ലാത്തതിനാൽ നിർമ്മാണം തുടങ്ങാനായില്ല. വില്ലേജ് ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ ഭൂമിയെച്ചൊല്ലി അവകാശ തർക്കങ്ങളും ഉടലെടുത്തിരുന്നു. ഈ ഘട്ടത്തിലാണ് ചന്തയുടെ ഭൂമി സിവിൽ കോംപ്ളക്സ് നിർമ്മിക്കാനായി ആലോചിക്കുന്നത്.