കൊല്ലം: കുപ്പി കണ്ടാൽ ജയയുടെ മനസിൽ തെളിയുന്നത് ചിത്രങ്ങളുടെ രൂപമാണ്. പിന്നെയൊന്നും നോക്കില്ല. ഒറ്റ വരയാണ്. ചിത്രം പൂർത്തിയാകുമ്പോൾ ഭംഗിയില്ലാത്ത കുപ്പി പോലും ജയയുടെ കരവിരുതിൽ മനോഹരമായ ചിത്രത്തിന്റെ കാൻവാസ് ആയി മാറിക്കഴിഞ്ഞിരിക്കും. ലോക്ക് ഡൗൺ കാലത്ത് ജയയുടെ ഈ ബോട്ടിൽ ആർട്ട് കൂടുതൽ വേരോടി. ഇപ്പോൾ അത് ജയയ്ക്ക് വെറുമൊരു നേരമ്പോക്ക് മാത്രമല്ല, സ്വയംതൊഴിൽ കൂടിയാണ്.
കുട്ടിക്കാലം മുതലേ ജയയ്ക്ക് ചിത്രരചനയിൽ കമ്പമുണ്ടായിരുന്നു. 18ാം വയസിൽ ചിത്രകലാ പഠനത്തിനായി കൊട്ടാരക്കര രവിവർമ്മ ആർട്സ് കോളേജിൽ ചേർന്നു. പിന്നീട് തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ നിന്ന് അപ്ളൈഡ് ആർട്ടിൽ ബിരുദം നേടി. വെണ്ടാർ ശ്രീവിദ്യാധിരാജ ടി.ടി.സിയിൽ ആർട്ട് ഇൻസ്ട്രക്ടറായും ദുബായിൽ ഡാഫൂസ് ഫയർ പ്രൊട്ടക്ഷനിൽ മെയിന്റനൻസ് സപ്പോർട്ടറായും ജോലിയും നോക്കി. ആറ് വർഷം മുമ്പ് നാട്ടിലേക്ക് മടങ്ങുമ്പോൾ ചിത്രകലയിൽ തിളങ്ങണമെന്ന ചിന്തയുണ്ടായിരുന്നു. കുപ്പികളിൽ നിറം ചാലിക്കാനെടുത്തപ്പോഴാണ് പുതിയ പരീക്ഷണങ്ങളെപ്പറ്റി ചിന്തിച്ചത്. മോൾഡിറ്റ് ക്ളേ ഉപയോഗിച്ച് കുപ്പികളുടെ പുറത്ത് ഓരോ രൂപങ്ങളൊരുക്കിയ ശേഷമാണ് പെയിന്റ് ചെയ്യുന്നത്. പൂക്കളും കിളികളും പൂമ്പാറ്റയും നിറപുഞ്ചിരിയുള്ള കുഞ്ഞുങ്ങളുടെ മുഖവുമൊക്കെ കുപ്പിയിലെത്തി. കാണാനെത്തിയവരിൽ ചിലർ കൈനീട്ടം നൽകിയപ്പോഴാണ് ബോട്ടിൽ ആർട്ടിന്റെ വിപണന സാദ്ധ്യതകൾ തെളിഞ്ഞത്. ഇപ്പോൾ അറുപതോളം ബോട്ടിൽ ആർട്ട് വിൽപനയ്ക്ക് തയ്യാറായിരിപ്പുണ്ട്.
മ്യൂറൽ പെയിന്റിംഗിലും വിദഗ്ദ്ധ
ജയയുടെ വീട് ചിത്രങ്ങളുടെ ഒരു കൊട്ടാരമാണ്. ബോട്ടിൽ ആർട്ട് മാത്രമല്ല, മ്യൂറൽ പെയിന്റിംഗിലും ജയയ്ക്ക് വൈദഗ്ദ്ധ്യം ഉണ്ട്. ഇത്തരത്തിൽ വരച്ച ചിത്രങ്ങളുടെ ശേഖരം തന്നെ ജയയുടെ വീട്ടിലുണ്ട്. എണ്ണച്ചായം, പെൻസിൽവര, ജലച്ചായം തുടങ്ങിയ നിരവധി ചിത്രങ്ങൾ ജയയുടെ കൈവശമുണ്ട്. ഈ ചിത്രങ്ങളൊക്കെ ഉൾപ്പെടുത്തി പ്രദർശനം സംഘടിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ജയ. ദുബായിൽ അനിമേഷൻ ആർട്ടിൽ വീഡിയോ എഡിറ്ററായിരുന്ന ഭർത്താവ് അനിൽകുമാർ പ്രോത്സാഹനവുമായി കൂടെയുണ്ട്. ഒമ്പതാം ക്ളാസ് വിദ്യാർത്ഥിയായ നിരഞ്ജനും ആറാംക്ളാസുകാരി കൃഷ്‌ണപ്രിയയും നിറങ്ങളുടെ വഴിയിലേക്ക് എത്തിയിട്ടുമുണ്ട്.
കഥയും കവിതയും
ചിത്രകല മാത്രമല്ല, ഒഴിവുവേളകളിൽ ജയ കഥയും കവിതയുമൊക്കെ എഴുതാറുണ്ട്. കാവ്യമാലിക എന്നപേരിൽ കവിതാസമാഹാരവും പുറത്തിറക്കി. കളർ ട്യൂൺസ് എന്ന പേരിൽ യൂടൂബ് ചാനലുമുണ്ട്.