psc

തിരുവനന്തപുരം: റാങ്ക് ലിസ്‌റ്റിന്റെ കാലാവധി അവസാനിക്കാൻ 21 ദിവസം മാത്രം ബാക്കി നിൽക്കെ ലാസ്‌റ്റ് ഗ്രേഡ് സർവെന്റ്സ് പട്ടികയിൽ നിന്ന് ഈ വർഷം നടന്നത് 6673 നിയമനങ്ങൾ മാത്രം. ലിസ്‌റ്റിൽ ആകെയുള്ളത് 46,285 പേരാണ്. മൂന്ന് ആഴ്ച മാത്രം ബാക്കിയുള്ളപ്പോൾ പ്രതീക്ഷയറ്റ് വ്യർത്ഥമായ കാത്തിരിപ്പ് തുടരുന്നത് 39,612 ഉദ്യോഗാർത്ഥികളാണ്. മൂന്ന് വർഷത്തെ കാലാവധിയുള്ള റാങ്ക് പട്ടികയിൽ മുൻവർഷങ്ങളിൽ പതിനായിരത്തിന് മുകളിൽ നിയമന ഉത്തരവുകൾ ലഭിച്ചിരുന്നു.

കൊവിഡും രണ്ടാംഘട്ട ലോക് ഡൗൺ നിയന്ത്രണങ്ങളും കൂടിയായതോടെ നിയമനത്തിന് പതിവിലും വേഗം കുറ‍ഞ്ഞു. എന്നാൽ, തസ്‌തികയിൽ ഒഴിവുകൾ അധികമില്ലെന്ന നയമാണ് സർക്കാരിന്. ഇക്കഴിഞ്ഞ ഫെബ്രുവരി മൂന്നിന് റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറുമാസം നീട്ടിയപ്പോൾ ലാസ്‌റ്റ് ഗ്രേഡിന്റെ റാങ്ക് ലിസ്‌റ്റിന് 34 ദിവസം മാത്രമാണ് നീട്ടിക്കിട്ടിയത്. 2018 ജൂൺ 30 മുതൽ 2021ജൂൺ 29 വരെയായിരുന്നു റാങ്ക് ലിസ്‌റ്റിന്റെ കാലാവധി. അതിൽ തിരഞ്ഞെടുപ്പും കൊവിഡ്,​ ലോക്ക് ഡൗൺ നിയന്ത്രണങ്ങളും കാരണം ഏപ്രിൽ മുതൽ ജൂൺ പകുതി വരെയുള്ള സമയത്ത് പ്രൊമോഷൻ നടപടികളോ ഒഴിവുകൾ റിപ്പോർട്ട് ചെയ്യുകയോ ഉണ്ടായില്ല. ലിസ്റ്റ് നിലവിൽ വന്നശേഷം തുട‌ച്ചയായുണ്ടായ പ്രളയവും തദ്ദേശ - പാർലമെന്റ് - നിയമസഭാ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളും ലിസ്‌റ്റിൽ നിന്നുള്ള നിയമനങ്ങൾക്ക് തടസമായി. ലിസ്‌റ്റിന്റെ കാലാവധി തീരാൻ വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രം അവശേഷിക്കെ കുറഞ്ഞദിവസംകൊണ്ട് എത്രപേർക്ക് ഉത്തരവ് ലഭിക്കുമെന്ന ആശങ്കയിലാണ് ഉദ്യോഗാർത്ഥികൾ.

2015ന് ശേഷം സർവകലാശാലകളിലെ ലാസ്‌റ്റ് ഗ്രേഡ് തസ്‌തികയിൽ നിയമനം നടന്നിട്ടില്ല. ഈ ഒഴിവുകൾ എന്തായി എന്ന് ഉദ്യോഗാർത്ഥികൾ ചോദിക്കുന്നു. ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളുകളിൽ അനദ്ധ്യാപക തസ്‌തികകളിൽ രണ്ട് മാസത്തിനകം നിയമനം നടത്തണമെന്ന് 2020 ജനുവരിയിൽ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. അതിനെതിരെ സർക്കാർ സുപ്രീംകോടതിയിലും ഡിവിഷൻ ബെഞ്ചിലും അപ്പീൽ പോയെങ്കിലും തള്ളി.

ഈ തസ്തികകളിലായി ആയിരത്തിലധികം നിയമനങ്ങളാണ് നടക്കേണ്ടതായിരുന്നു. നിയമനം പരിഗണനയിലുണ്ടെന്നും നടപടിക്രമങ്ങൾ നടന്നുവരികയാണെന്നുമാണ് സർക്കാർവാദം.

വിവിധ വകുപ്പുകളിൽ നൈറ്റ് വാച്ച്മാൻമാരുടെ ഒഴിവുകൾ നികത്താനുള്ള ശ്രമങ്ങളും നടക്കുന്നില്ല. നൈറ്റ് വാച്ച് മാൻമാരുടെ ഡ്യൂട്ടി പതിനാറിൽ നിന്ന് എട്ട് മണിക്കൂറായി കുറച്ച് മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവുണ്ടായെങ്കിലും അതും നടപ്പാക്കിയിട്ടില്ല. ക്രിമിനൽ കോടതികളിലെ പ്രൊമോഷനുകൾ സിവിൽ കോടതികളിലേതുപോലെ ഏകീകരിച്ചുള്ള ഹൈക്കോടതി ഉത്തരവും ഇപ്പോഴും ഫയലിലുറങ്ങുകയാണ്. ലാസ്റ്റ് ഗ്രേഡ് തസ്തികകളിൽ വളരെ കുറഞ്ഞ ഒഴിവുകളുള്ള ജില്ലയാണ് പത്തനംതിട്ട. ഇവിടെ കോന്നി മെഡിക്കൽ കോളേജ്, ലീഗൽ മെട്രോളജി, പോക്സോ കോടതി എന്നിവിടങ്ങളിലെ തസ്‌തികകൾ ഇപ്പോഴും അനുവദിച്ച് ഉത്തരവായിട്ടില്ല. ആരോഗ്യം, റവന്യൂ, ലീഗൽ മെട്രോളജി, വിദ്യാഭ്യാസം, തദ്ദേശസ്വയംഭരണ വകുപ്പ് തുടങ്ങിയ വകുപ്പുകളിലൊന്നും പ്രൊമോഷനുകൾ മാസങ്ങളായി നടക്കുന്നില്ല. പ്രൊമോഷനും ഡീകേഡർ നിയമനങ്ങളും സംബന്ധിച്ച് മുഖ്യമന്ത്രി നൽകിയ ഉറപ്പുകളും പാലിക്കപ്പെടാത്തതാണ് ഉദ്യോഗാർത്ഥികളെ ആശങ്കയിലാക്കിയിരിക്കുന്നത്. റാങ്ക് ലിസ്‌റ്റിന്റെ കാലാവധി അവസാനിക്കുന്നതുവരെയുള്ള ഒഴിവുകൾ സ്‌പാർക്ക് സംവിധാനം വഴി കണ്ടെത്തി പ്രതീക്ഷിത ഒഴിവുകളായി പി.എസ്.സി.ക്ക് റിപ്പോർട്ട് ചെയ്യാൻ നടപടി സ്വീകരിക്കുമെന്ന് ഫെബ്രുവരി 28ന് അന്നത്തെ മന്ത്രി

എ.കെ. ബാലനുമായി ഉദ്യോഗാർത്ഥികൾ നടത്തിയ ചർച്ചയിൽ തീരുമാനമെടുത്തെങ്കിലും പ്രയോജനമുണ്ടായില്ല. തസ്തികയിൽ അർഹതയുള്ളവർക്ക് സ്ഥാനക്കയറ്റം നൽകുന്നതോടെ ഒഴിവുകളിലേക്ക്‌ പരിഗണിക്കാമെന്നുപറഞ്ഞതും ഇതുവരെ നടന്നിട്ടില്ല. എത്രയും പെട്ടെന്ന് ഒഴിവുകൾ റിപ്പോർട്ട് ചെയ്യാനും കൊവിഡ്, ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ കാരണം നഷ്ടപ്പെട്ട മൂന്ന് മാസസമയം കൂടി തങ്ങൾക്ക് നീട്ടി നൽകാനും സർക്കാർ ഇടപെടണമെന്നാണ് ഉദ്യോഗാർത്ഥികളുടെ ആവശ്യം.