reshma

കൊല്ലം: പ്രണയാർദ്രമായ ചാറ്റിംഗുകളിലൂടെ മനസ്‌ കീഴടക്കിയ ‘ഫേസ്ബുക്ക് കാമുകൻ’ അനന്തുവിനൊപ്പം ജീവിക്കാൻ ചോരക്കുഞ്ഞിനെ കരിയിലക്കുഴിയിൽ ഉപേക്ഷിച്ച സംഭവത്തിൽ വീണ്ടും ട്വിസ്റ്റ്. ഇത്തിക്കരയാറ്റിൽ ജീവനൊടുക്കിയ കല്ലുവാതുക്കൽ രേഷ്‌മ ഭവനിൽ രാധാകൃഷ്ണ പിള്ളയുടെ മകൾ ഗ്രീഷ്മ (ശ്രുതി, 22) തന്നോട് പക തീർക്കുകയായിരുന്നെന്ന് അറസ്‌റ്റിലായ രേഷ്‌മ (22)​ പൊലീസിൽ നൽകിയ ​മൊഴിയാണ് കേസിൽ പുത്തൻ വഴിത്തിരിവായിരിക്കുന്നത്.

ഗ്രീഷ്‌മയുമായി ബന്ധമുണ്ടായിരുന്ന യുവാവിനെ കുറിച്ച് ബന്ധുക്കളോട് പറഞ്ഞതിന്റെ പ്രതികാരമായിട്ടാണ് ഫേസ്ബുക്ക് കാമുകന്റെ വേഷം കെട്ടി തന്നെ കബളിപ്പിച്ചതെന്നും രേഷ്‌മ പറഞ്ഞു. കഴിഞ്ഞ ദിവസം അന്വേഷണസംഘം ജയിലിൽ ചോദ്യം ചെയ്തപ്പോഴാണ് രേഷ്‌മ ഇക്കാര്യം പറഞ്ഞത്.

ആദ്യം അവിശ്വസിച്ചു,​

പിന്നെ പൊട്ടിക്കരഞ്ഞു

ഗ്രീഷ്മയും ആര്യം ചേർന്ന് ഫേസ്ബുക്ക് കാമുകന്റെ വേഷം കെട്ടി കബളിപ്പിക്കുകയായിരുന്നുവെന്ന കാര്യം പൊലീസ് പറഞ്ഞപ്പോൾ രേഷ്‌മ ആദ്യം വിശ്വസിച്ചില്ല. അനന്തുവെന്ന പേരിൽ തനിക്ക് ആൺസുഹൃത്ത് ഉണ്ടെന്ന് ആവർത്തിച്ച രേഷ്‌മയ്ക്ക്,​ തെളിവുകൾ സഹിതം ബോദ്ധ്യപ്പെടുത്തിയപ്പോഴാണ് താൻ കബളിപ്പിക്കപ്പെട്ടുവെന്ന തിരിച്ചറിഞ്ഞത്. ആര്യയും ഗ്രീഷ്‌മയും അനന്തുവെന്ന വ്യാജ ഫേസ്ബുക്ക് ഐ.ഡി ഉപയോഗിച്ച് കബളിപ്പിച്ചതായിരുന്നുവെന്ന വിവരം പൊലീസ് സംഘം രേഷ്‌മയെ അറിയിച്ചു. ഇതറിഞ്ഞതോടെ രേഷ്‌മ പൊട്ടിക്കരഞ്ഞു.

ഫേസ്ബുക്ക് കാമുകൻ അനന്തുവിനൊപ്പം ജീവിക്കുന്നതിന് വേണ്ടിയാണ് കുഞ്ഞിനെ രേഷ്‌മ ഉപേക്ഷിക്കാൻ തീരുമാനിച്ചത്. നിരന്തരമുള്ള ചാറ്റിംഗിലൂടെ ദൃഢമായ പ്രണയത്തിലായിരുന്നു താൻ. പുതിയ ബന്ധത്തിന് കുഞ്ഞ്‌ തടസമാകുമെന്ന് കരുതിയാണ്‌ ഗർഭം മറച്ചുവച്ചത്. പ്രസവത്തിന് മറ്റാരുടെയും സഹായം ഇല്ലായിരുന്നു. കുഞ്ഞ് മരിക്കുമെന്ന് ഉറപ്പായിരുന്നു. പൊലീസെത്തി കുഞ്ഞിനെ കണ്ടെത്തുമ്പോൾ പിടിക്കപ്പെടുമെന്ന ടെൻഷനുണ്ടായിരുന്നുവെന്നും രേഷ്‌മ പറഞ്ഞു.

കൊവിഡ്‌ നെഗറ്റീവായതിനെത്തുടർന്ന് ക്ലിനിക്കൽ സൈക്കോളജിസ്‌റ്റിന്റെ സാന്നിദ്ധ്യത്തിൽ അന്വേഷണ ഉദ്യോഗസ്ഥനായ പാരിപ്പള്ളി സി.ഐ ടി. സതികുമാറിന്റെ നേതൃത്വത്തിൽ രണ്ട്‌ മണിക്കൂറോളമാണ് രേഷ്‌മയെ ചോദ്യം ചെയ്‌തത്. ചോദ്യം ചെയ്യലിൽ യാതൊരു മാനസിക സമ്മർദ്ദവും കൂടാതെയായിരുന്നു രേഷ്‌മയുടെ സംസാരം.

അനന്തുവിന്റെ പേരിൽ

ഭർത്താവിന്റെ മർദ്ദനം

വർക്കലയിൽ ‘കാമുകനെ’ കാണാൻ പോയതും അമിത ഫോൺ ഉപയോഗവും ഭർത്താവ് വിഷ്ണുവിന് സംശയമുണ്ടാക്കിയിരുന്നു. ഇതിന്റെ പേരിൽ മർദ്ദനം പതിവായി. ഇതോടെ ഭർത്താവിൽ നിന്ന്‌ മാനസികമായി അകന്നതായും കാമുകനൊപ്പം പോകാൻ തീരുമാനിച്ചതായും രേഷ്‌മ പറഞ്ഞു. എന്നാൽ, ‘കാമുകൻ അനന്തു’വിനെ ഒരിക്കൽപ്പോലും നേരിൽ കാണുകയോ ഫോൺ നമ്പർ കൈമാറുകയോ ചെയ്തിട്ടില്ല. വിവാഹിതയാണെന്ന് അനന്തുവിന് അറിയാമായിരുന്നുവെന്നും രേഷ്‌മ പറഞ്ഞു.

രേഷ്‌മ അറസ്‌റ്റിലായതിനെ തുടർന്ന്‌ ഇത്തിക്കരയാറ്റിൽ ജീവനൊടുക്കിയ കല്ലുവാതുക്കൽ മേവനക്കോണം തച്ചക്കോട്ട് വീട്ടിൽ രഞ്ജിത്തിന്റെ ഭാര്യ ആര്യയും ഗ്രീഷ്‌യും ചേർന്നാണ് ‘അനന്തു’ എന്ന വ്യാജ പ്രൊഫൈലിലൂടെ രേഷ്‌മയുമായി ചാറ്റ്‌ ചെയ്‌തിരുന്നത്‌. ടെക്‌സ്‌റ്റ് മെസേജുകൾ അയക്കുന്നതല്ലാതെ ഒരിക്കൽ പോലും വീഡിയോ കോളോ വോയ്സ് കോളോ വിളിക്കാതെയാണ് യുവതികൾ രേഷ്‌മയെ കബളിപ്പിച്ചിരുന്നത്.

സംഭവവുമായി ബന്ധപ്പെട്ട് ചിലരുടെ മൊഴികൾ കൂടി രേഖപ്പെടുത്തുകയും തെളിവുകൾ പരിശോധിക്കുകയും ചെയ്തശേഷം അന്വേഷണം അവസാനിപ്പിക്കാനാണ് പൊലീസിന്റെ നീക്കം. രേഷ്‌മയുടെ ഭർത്താവ് വിഷ്ണുവിന്റെ സഹോദരന്റെ ഭാര്യയാണ് ആര്യ. ഗ്രീഷ്‌മ സഹോദരിയുടെ മകളും. അറസ്‌റ്റിലായ രേഷ്‌മ കൊവിഡ്‌ പോസിറ്റീവായതിനെ തുടർന്ന് തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലിലെ കൊവിഡ്‌ സെല്ലിൽ റിമാൻഡിലായിരുന്നു.