കൊല്ലം: ആവശ്യപ്പെട്ട സ്ഥലം മാറ്റം ലഭിക്കാത്തതിന്റെ മനോവിഷമത്തിൽ നഗരസഭയിലെ ശുചീകരണ ജീവനക്കാരി റെയിൽവേ ട്രാക്കിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസുകാരും പൊതുപ്രവർത്തകരും മുക്കാൽ മണിക്കൂറോളമെടുത്ത് ബലം പ്രയോഗിച്ചാണ് ജീവനക്കാരിയെ പിന്തിരിപ്പിച്ചത്.
ഇന്നലെ രാവിലെ 11.15 ഓടെ എസ്.എം.പി കോളനിക്ക് പിൻഭാഗത്തുള്ള റെയിൽവേ ട്രാക്കിലായിരുന്നു സംഭവം. മദ്ധ്യവയസ്കയായ ജീവനക്കാരി നിലവിൽ തേവള്ളി സോണൽ ഓഫീസ് പരിധിയിലാണ് ജോലി ചെയ്യുന്നത്. ഇവർ നഗരസഭാ പ്രധാന ഓഫീസ് പരിധിയിലേക്ക് സ്ഥലം മാറ്റം ആവശ്യപ്പെട്ടിരുന്നെങ്കിലും ലഭിച്ചില്ല. ഇതിന്റെ വിഷമത്തിൽ സഹപ്രവർത്തകരെ വിളിച്ചറിയിച്ച ശേഷം ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.
സഹപ്രവർത്തകർ ഉടൻ പൊലീസിൽ വിവരമറിയിച്ചു. പൊലീസ് എത്തുന്നതിന് മുമ്പ് റെയിൽവേ ട്രാക്കിൽ സ്ത്രീ ഇരിക്കുന്നത് കണ്ട് നഗരത്തിലെ പൊതുപ്രവർത്തകരായ കൊച്ചുണ്ണി, ആന്റണി, മാരിയപ്പൻ എന്നിവരും സ്ഥലത്തെത്തി. പൊതുപ്രവർത്തരും പൊലീസും ചേർന്ന് മുക്കാൽ മണിക്കൂറോളമെടുത്ത് ആശ്വസിപ്പിച്ച് റെയൽവേ ട്രാക്കിൽ നിന്ന് ഇറക്കി. പിന്നീട് പിങ്ക് പൊലീസെത്തി വനിതാ സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചതിനെ തുടർന്ന് ജീവനക്കാരിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി താത്കാലിക അടിസ്ഥാനത്തിൽ ജോലിയിൽ പ്രവേശിപ്പിച്ച ഇവരെ ആറുമാസം മുമ്പ് സ്ഥിരപ്പെടുത്തിയിരുന്നു.