കോർപ്പറേഷൻ അധികൃതർ മൗനത്തിൽ
കൊല്ലം: ചെറിയൊരു ഭൂപ്രദേശം, നിറയെ നിർമ്മാണങ്ങൾ, ലേലഹാളുകൾ, ലോക്കറുകൾ, ടോയ്ലറ്റ് കോംപ്ളക്സുകൾ... ഇതിനിടയിൽ കുന്നുപോലെ മാലിന്യങ്ങൾ!. പറഞ്ഞുവരുന്നത് തങ്കശേരി ഫിഷിംഗ് ഹാർബറിന്റെ കാര്യമാണ്.
ഹാർബറിനെ മാലിന്യം വിഴുങ്ങുമ്പോഴും കോർപ്പറേഷൻ അധികൃതർ മൗനത്തിലാണ്. ഏകദേശം 50 മീറ്റർ വീതിയിലും ഒന്നര കിലോമീറ്റർ നീളത്തിലുമാണ് ഹാർബർ സ്ഥിതിചെയ്യുന്നത്. തങ്കശേരി, വാടി, മൂതാക്കര, ജോനകപ്പുറം, ഫോർട്ട് കൊല്ലം എന്നിങ്ങനെ 5 ലേലഹാളുകളാണ് ഇവിടെയുള്ളത്. ഇതിനുപുറമേ മത്സ്യബന്ധന ഉപകരണങ്ങൾ സൂക്ഷിക്കുന്ന ലോക്കറുകൾ, 4 ടോയ്ലറ്റ് ബ്ളോക്കുകൾ, വർക്ക് ഷോപ്പ് കെട്ടിടങ്ങൾ തുടങ്ങിയവ തീരം നിറഞ്ഞുനിൽക്കുകയാണ്. ഉറവിടങ്ങളിൽ നിന്ന് മാലിന്യം ശേഖരിച്ച് ശാസ്ത്രീയമായി സംസ്കരിക്കാൻ കോർപ്പറേഷന് കഴിയാത്തതിനാലാണ് മാലിന്യനിക്ഷേപം വർദ്ധിക്കുന്നതെന്നാണ് ആക്ഷേപം.
ആയിരക്കണക്കിന് കുടുംബങ്ങൾ
തീരദേശ മേഖലയിൽ ആയിരക്കണക്കിന് കുടുംബങ്ങളാണ് താമസിക്കുന്നത്. വീടുകൾ, കടകൾ എന്നിവിടങ്ങളിൽ നിന്നുള്ള പ്ളാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ ഹാർബറിലേക്കാണ് തള്ളുന്നത്. ദുർഗന്ധം സഹിക്കാൻ കഴിയാതാകുമ്പോൾ ഹാർബറിൽ തന്നെ കുഴിയെടുത്ത് മൂടും. ദിവസങ്ങൾക്കുള്ളിൽ മണ്ണ് നീങ്ങി പ്ളാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യം പുറത്തുവരും. നിർമ്മാണ പ്രവർത്തനങ്ങൾക്കായി മണ്ണ് നീക്കം ചെയ്യുമ്പോൾ ഭൂമിക്കടിയിൽ മാലിന്യക്കൂമ്പാരം ദൃശ്യമാകുന്ന അവസ്ഥയാണെന്ന് സമീപവാസികൾ പറയുന്നു.
പോർട്ട് കൊല്ലം ഭാഗത്ത് 80 ലോക്കർ മുറികൾ
പോർട്ട് കൊല്ലം ഭാഗത്ത് ഒരു ബ്ളോക്കിൽ 10 വീതം 8 ബ്ളോക്കുകളിലായി 80 ലോക്കർ മുറികൾ നിർമ്മിച്ചിട്ട് വർഷങ്ങൾ പിന്നിടുന്നു. 40 ലോക്കറുകൾ കോർപ്പറേഷനും ബാക്കി പോർട്ടിന്റെ ഫണ്ടും ഉപയോഗിച്ചാണ് നിർമ്മിച്ചത്. പോർട്ടിന്റെ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ലോക്കറുകൾ ഇതുവരെയും ആവശ്യക്കാർക്ക് കൊടുക്കാൻ കഴിഞ്ഞിട്ടില്ല. പോർട്ട് വികസനത്തിന്റെ ഭാഗമായി സമീപത്തുള്ള 34 ഏക്കർ ഭൂമി ഏറ്റെടുക്കാൻ പദ്ധതിയുണ്ടായിരുന്നു. ഇവിടെ താമസിക്കുന്നവരെ പുനരധിവസിപ്പിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു പോർട്ട് ലോക്കർ നിർമ്മിച്ചത്. ഭൂമി ഏറ്റെടുക്കൽ അനിശ്ചിതമായി നീണ്ടപ്പോൾ ലക്ഷങ്ങൾ ചെലവഴിച്ച് നിർമ്മിച്ച ലോക്കർ കെട്ടിടങ്ങളും ഉപയോഗശൂന്യമായി.
തങ്കശേരി ഫിഷിംഗ് ഹാർബറിലെ മാലിന്യപ്രശ്നം ഗുരുതരമാണ്. ലോക്ക് ഡൗൺ മൂലം ഹരിതകർമ്മ സേനയുടെ പ്രവർത്തനം മന്ദഗതിയിലായതാണ് പ്രശ്നം ഗുരുതരമാക്കിയത്. പ്രദേശങ്ങളിൽ എട്ടോളം എയ്റോ കമ്പോസ്റ്റ് യൂണിറ്റുകളുണ്ട്. ജനങ്ങൾ ഇത് ഫലപ്രദമായി ഉപയോഗിക്കുന്നില്ല. രാത്രിയിൽ വാഹനങ്ങളിലെത്തി മാലിന്യം വലിച്ചെറിയുന്നത് പതിവാണ്. മാലിന്യം നീക്കം ചെയ്യാൻ അടിയന്തര നടപടി സ്വീകരിക്കും.
ജെ. സ്റ്റാലിൻ, വാർഡ് കൗൺസിലർ, തങ്കശേരി