തഴവ: റേഷൻ കടകൾ വഴി വിതരണം ചെയ്യുന്ന ഭക്ഷ്യധാന്യക്കിറ്റുകൾ പരിഗണനാ വിഭാഗത്തിനായി പരിമിതപ്പെടുത്തണമെന്ന ആവശ്യം ശക്തമായി.

കൊവിഡ് നിയന്ത്രണങ്ങളെ തുടർന്നുണ്ടായ സാമ്പത്തിക - തൊഴിൽ പ്രതിസന്ധി പരിഗണിച്ചാണ് സർക്കാർ സൗജന്യക്കിറ്റ് വിതരണം ആരംഭിച്ചത്. ആകെയുള്ള റേഷൻ കാർഡുകളിൽ അൻപത് ശതമാനത്തിൽ താഴെ മാത്രമാണ് ഏതെങ്കിലും പരിഗണനാ വിഭാഗത്തിൽ ഉൾപ്പെട്ടിട്ടുള്ളത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിമാർ മുതൽ ചീഫ് സെക്രട്ടറി വരെ ആർക്ക് വേണമെങ്കിലും കിറ്റ് വാങ്ങാമെന്ന അവസ്ഥയാണ് നിലനിൽക്കുന്നത്.

മുൻഗണനാ വിഭാഗത്തിൽ തന്നെ കിറ്റ് ആവശ്യമില്ലാത്തവർ പദ്ധതിയിൽ നിന്നും ഒഴിവാകണമെന്ന നിർദ്ദേശം വെച്ച തൊഴിച്ചാൽ കിറ്റ് വിതരണത്തിൽ യാതൊരു മാനദണ്ഡവും ഏർപ്പെടുത്താത്ത സർക്കാർ നടപടിയിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

എ.എ.വൈ ,പി.എച്ച്.എച്ച് എന്നീ പരിഗണനാ വിഭാഗത്തിലെന്ന പോലെ തന്നെ എൻ.ജി.എൻ.എസ്, എൻ.പി.എസ് എന്നീ മുൻഗണനാ വിഭാഗത്തിലേയും തൊണ്ണൂറ്റി അഞ്ച് ശതമാനം കാർഡുടമകളും കിറ്റ് വാങ്ങാറുണ്ടെന്നാണ് റേഷൻ വ്യാപാരികൾ പറയുന്നത്. എന്നാൽ പദ്ധതിയിൽ നിന്നും അനർഹരെ ഒഴിവാക്കിയാൽ വരാനിരിയ്ക്കുന്ന ഓണ കിറ്റുകൾ മെച്ചപ്പെട്ട നിലയിൽ അർഹരായവർക്ക് നൽകുവാൻ കഴിയുമെന്ന വാദമാണ് ഇപ്പോൾ ഉയർന്നു വരുന്നത്. കൂടാതെ അനർഹരായവർ പരിഗണനാ വിഭാഗത്തിലുള്ള റേഷൻ കാർഡുകൾ കൈവശം വെച്ചിരിയ്ക്കുന്നതിൽ നിന്നും സ്വമേധയാ പിൻമാറണമെന്ന സർക്കാർ നിർദ്ദേശത്തോടും തണുത്ത പ്രതികരണമാണ് നിലനിൽക്കുന്നത്. ഭൂരിഭാഗം റേഷൻ കടകളിലേയും പരിഗണനാ വിഭാഗത്തിൽ പെട്ട പത്ത് ശതമാനത്തിലധികം കാർഡുകളും നിലവിൽ അനർഹരാണ് കൈവശം വെച്ചിരിയ്ക്കുന്നത്.