hospital

കൊല്ലം: ജില്ലാ ആശുപത്രിയിലെ ഓപ്പറേഷൻ തീയേറ്ററുകൾ അടഞ്ഞിട്ട് ഒരു വർഷം പിന്നിടുന്നു. സമ്പൂർണ കൊവിഡ് സെന്ററാക്കിയതോടെ കഴിഞ്ഞവർഷം ജൂലായിലാണ് ഓപ്പറേഷൻ തീയേറ്ററുകൾ അടച്ചത്. തീയേറ്ററുകളിലെ കോടിക്കണക്കിന് രൂപയുടെ ശസ്ത്രക്രിയ ഉപകരണങ്ങളാണ് ഉപയോഗശൂന്യമായി കിടക്കുന്നത്.

മൂന്ന് ഓപ്പറേഷൻ തീയേറ്ററുകളിലായി നാല് ടേബിളുകളാണുള്ളത്. ഒരു ദിവസം ശരാശരി 50 വലിയ ശസ്ത്രക്രിയകളും 30 ചെറു സർജറികളും നടന്നിരുന്നതാണ്. സർക്കാരിന്റെ കാരുണ്യ പദ്ധതി ഗുണഭോക്താക്കൾക്ക് ശസ്ത്രക്രിയ നടത്തുന്നതിലൂടെ ലക്ഷങ്ങൾ വരുമാനവുമുണ്ടായിരുന്നു. ഓപ്പറേഷൻ തീയേറ്റർ അടച്ചതോടെ സർജന്മാർ അടക്കം 12 ഡോക്ടർമാരെ താലൂക്ക് ആശുപത്രികളിലേക്ക് മാറ്റി. പക്ഷേ അവിടങ്ങളിൽ തീയേറ്റർ സൗകര്യം കുറവായതിനാൽ രോഗികൾക്ക് കാര്യമായ പ്രയോജനം ലഭിക്കുന്നില്ല.

പുതിയ ഐ.സി.യു യൂണിറ്റിന് എസ്റ്റിമേറ്റ്

കാഷ്വാലിറ്റി പ്രവർത്തിക്കുന്ന കെട്ടിടത്തിന് മുകളിലത്തെ നിലയിൽ 60 കിടക്കകളുള്ള ഐ.സി.യു സജ്ജമാക്കാനുള്ള എസ്റ്റിമേറ്റ് തയ്യാറായി. എൻ.എച്ച്.എമ്മിൽ നിന്ന് പണം ലഭ്യമാക്കാനാണ് ആലോചന.

ഇവിടെ സൗകര്യമൊരുങ്ങിയാൽ കൊവിഡ് ഐ.സി.യു മാറ്റി സ്ഥാപിക്കും. നിലവിലെ ഐ.സി.യുവിൽ നേരത്തെ ഉണ്ടായിരുന്നത് പോലെ സാധാരണ രോഗികളെ പ്രവേശിപ്പിക്കും. ഒപ്പം ഓപ്പറേഷൻ തീയേറ്ററുകളുടെ പ്രവർത്തനവും തുടങ്ങും. ഇതിന് ഏകദേശം ആറ് മാസമെങ്കിലുമെടുക്കും. പഴയ ഓപ്പറേഷൻ തീയേറ്ററുകളിലെ അറ്റക്കുറ്റപ്പണികളും പൂർത്തിയാക്കി.

ഇപ്പോഴത്തെ പ്രശ്നം

1. ഐ.സി.യുകളും ഓപ്പറേഷൻ തീയേറ്ററുകളും ഒരേ കെട്ടിടത്തിലായത്

2. കൊവിഡ് രോഗികൾ ഐ.സി.യുവിൽ നിറയുന്നു

3. മറ്റ് രോഗികളെ ഇവിടേയ്ക്ക് പ്രവേശിപ്പിക്കുന്നില്ല

4. കൊവിഡ് ബാധിതർക്ക് ശസ്ത്രക്രിയ ആവശ്യമില്ല

5. അടിയന്തര ശസ്ത്രക്രിയ മറ്റ് ആശുപത്രികളിൽ

 വാതിലടഞ്ഞിട്ട്: 1 വർഷം

 ഒരു ദിവസം ശസ്ത്രക്രിയകൾ: 80



ഓപ്പറേഷൻ തീയേറ്ററുകൾ

1. കണ്ണ്

2. ജനറൽ സർജറി

3. സ്പെഷ്യാലിറ്റി തീയേറ്റർ (രണ്ട് ടേബിൾ)

''

കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമായാൽ കൊവിഡ് ഐ.സി.യു നിലവിലെ കെട്ടിടത്തിന്റെ ഏറ്റവും മുകളിലേയ്ക്ക് മാറ്റി ഓപ്പറേഷൻ തീയേറ്റർ തുറക്കാൻ ആലോചനയുണ്ട്.

ഡോ. എസ്. വസന്തദാസ്

ജില്ലാ ആശുപത്രി സൂപ്രണ്ട്