thameme-
തമീം

ഇരവിപുരം: ബൈക്കിൽ കറങ്ങിനടന്ന് കഞ്ചാവ് വില്പന നടത്തിവന്നിരുന്ന സംഘത്തിൽപ്പെട്ട രണ്ടുവിദ്യാർത്ഥികളെ ഇരവിപുരം പൊലീസ് പിടികൂടി. ഇവരിൽ ഒരാൾ എൻജിനിയറിംഗ് വിദ്യാർത്ഥിയും മറ്റൊരാൾ ഐ.ടി.ഐ വിദ്യാർത്ഥിയുമാണ്. ഹരിപ്പാട് മണ്ണാറശാല അമ്പലത്തിന് പുറകുവശത്ത് ദാറുസലാം വീട്ടിൽ തമീം (22), വടക്കേവിള മുള്ളുവിള ഹരിശ്രീനഗർ 116 വിളയിൽ വീട്ടിൽ നജാസ് (22) എന്നിവരാണ് പിടിയിലായത്. ബൈക്കിൽ സൂക്ഷിച്ചിരുന്ന അര കിലോയോളം കഞ്ചാവും ഇവരിൽ നിന്ന് പിടികൂടി. അയത്തിൽ സ്കൂളിനും മുള്ളുവിള ജംഗ്ഷനും ഇടയിൽവച്ചാണ് ഇവരെ പിടികൂടിയത്. സിറ്റി പൊലീസ് കമ്മിഷണർ ടി. നാരായണന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ അസി. പൊലീസ് കമ്മിഷണർ പ്രദീപ് കുമാറിന്റെ നിർദേശപ്രകാരം പൊലീസ് പടോളിംഗ് നടത്തുന്നതിനിടെയാണ് ഇവർ പിടിയിലായത്. ഇരവിപുരം എസ്.എച്ച്.ഒ അനിൽകുമാർ, എസ്.ഐമാരായ ദീപു, പ്രകാശ്, സുനിൽകുമാർ, ഷിബു പീറ്റർ, ജയകുമാർ, അജിത് കുമാർ, എ.എസ്.ഐ ഷാജി, സി.പി.ഒമാരായ ദീപു, മനാഫ്, ദിലീപ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.