photo
ശബ്ദത്തിലൂടെ തന്നെ തിരിച്ചറിയുകയും നേരിൽ സംസാരിക്കാൻ ആഗ്രഹിക്കുകയും ചെയ്ത കരുനാഗപ്പള്ളി പടനായർകുളങ്ങര വടക്ക് കാട്ടിൽ കിഴക്കതിൽ ബി.അതുലിനെ കാണാൻ രമേശ് ചെന്നിത്തല എത്തിയപ്പോൾ

കരുനാഗപ്പള്ളി: കാഴ്ചയില്ലെങ്കിലും ശബ്ദത്തിലൂടെ ആളെ തിരിച്ചറിഞ്ഞ് ചെന്നിത്തലയുടെ ആരാധകനായി മാറുകയായിരുന്നു അതുൽ. കഴിഞ്ഞദിവസം അതുലിനെ കാണാൻ രമേശ് ചെന്നിത്തല എത്തിയതോടെ

അതുലിന്റെ ദീർഘനാളായുള്ള ആഗ്രഹം സഫലമായി. പടനായർകുളങ്ങര വടക്ക് കാട്ടിൽ കിഴക്കതിൽ ഭാർഗവന്റെയും ഷീജയുടെയും ഇളയമകൻ അതുലിന്റെ(29) വളരെ കാലത്തെ ആഗ്രഹമാണ് സഫലീകരിച്ചത്. സി.ആർ.മഹേഷ് എം.എൽ.എ കോൺഗ്രസ് പ്രാദേശിക നേതാവ് രമേശൻ എന്നിവർക്കൊപ്പമാണ് രമേശ് ചെന്നിത്തല അതുലിന്റെ വീട്ടിൽ എത്തിയത്. ഒരു പൊതുപ്രവർത്തകന് ലഭിക്കുന്ന ഏറ്റവും വലിയ അംഗീകാരമാണ് ഇതുപോലുള്ള സ്നേഹ നിർഭരമായ ആഗ്രഹങ്ങളും കൂടിക്കാഴ്ചകളും അതുലിനെ കണ്ട ശേഷം രമേശ് ചെന്നിത്തല ഫേസ്ബുക്കിൽ കുറിച്ചു. അതുലിന്റെ അമ്മ ഷീജ വായിച്ചു നൽകിയ പുസ്തകങ്ങൾ ഫോണിൽ റെക്കാർഡ് ചെയ്തു പലയാവർത്തി കേട്ടാണ് അതുൽ പഠിച്ചത്. 86 ശതമാനം മാർക്കോടെ പ്ലസ് ടു വിജയിച്ചു. കമ്പ്യൂട്ടർ,​ടച്ച് സ്ക്രീൻ ഫോൺ ഇവയെല്ലാം അതുലിന് എളുപ്പത്തിൽ വഴങ്ങും. കീ ബോർഡ് വായനയും ഇഷ്ടമാണ്.ഇനി ബി.എ യ്ക്ക് പഠിക്കാനുള്ള തയ്യാറെടുപ്പിലാണ്.