കൊട്ടാരക്കര: കേരളകൗമുദി വാർത്തയെ തുടർന്ന് കൊട്ടാരക്കര ടൗണിൽ കുടിവെള്ളം പൊട്ടിയൊഴുകുന്നതിന് പരിഹാരമായി. കഴിഞ്ഞ രണ്ടാഴ്ചയായി ബന്ധപ്പെട്ടവരുടെ അനാസ്ഥമൂലം ടൗണിൽ കുടിവെള്ള പൈപ്പ് പൊട്ടിയൊഴുകുകയായിരുന്നു. കാൽനടയാത്രക്കാർക്കും ഇരുചക്രവാഹനയാത്രക്കാർക്കും പൈപ്പുവെള്ളത്തിൽ കുളിച്ചാണ് അതുവഴി കടന്നു പോകേണ്ടി വന്നിരുന്നത്. ഇന്നലത്തെ കേരളകൗമുദിയിൽ ഫോട്ടോ സഹിതം വന്ന വാർത്ത ജന പ്രതിനിധികൾ ഉൾപ്പെടെയുള്ളവരുടെ ശ്രദ്ധയിൽ പെട്ടതോടെ ഇന്നലെ രാവിലെ തന്നെ പൈപ്പ് പൊട്ടിയ ഭാഗത്തെ സ്ളാബുകൾ ഇളക്കി പൈപ്പിന്റെ ചോർച്ച അടച്ചു. അതോടെ ടൗണിലെത്തുന്ന കാൽനടയാത്രക്കാർക്കും ഇരുചക്രവാഹന യാത്രക്കാർക്കും സമീപത്തെ വ്യാപാര സ്ഥാപനങ്ങൾക്കും ആശ്വാസമായി.