പുനലൂർ: കിഴക്കൻ മലയോര മേഖലയിൽ കാട്ടാന ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിക്കുന്നതിന് പരിഹാരം ഉണ്ടാക്കണമെന്നാവശ്യപ്പെട്ട് മലയോര കർഷകർ പുനലൂർ ഫോറസ്റ്റ് ഡിവിഷണൽ ഓഫിസിലേക്ക് കാട്ടാന നശിപ്പിച്ച വാഴ കുലകളുമായി മാർച്ച് നടത്തി. ചെറുകടവ്, മൂലമൺ,ചണ്ണക്കാമൺ, ഓലപ്പാറ തുടങ്ങിയ പ്രദേശങ്ങളിലെ മലയോര കർഷകരാണ് വാഴ കുലകളുമായി മാർച്ചിനെത്തിയത്. പ്രദേശത്തെ വനാതിർത്തിയോടെ ചേർന്ന് ഉപയോഗ ശൂന്യമായി മാസങ്ങളായി കിടക്കുന്ന സൗരോർജ്ജ വൈദ്യുതി വേലി പ്രവർത്തന യോഗ്യമാക്കി മാറ്റുക, ജനവാസ മേഖലയോടെ ചേർന്ന വനാതിർത്തിയിൽ കിടങ്ങുകൾ കുഴിക്കുക, വന്യ മൃഗങ്ങൾ നശിപ്പിച്ച കാർഷിക വിളകൾക്ക് മതിയായ നഷ്ട പരിഹാരം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ടാണ് കർഷകർ മാർച്ച് സംഘടിപ്പിച്ചത്. സമരക്കാരും ഡി.എഫ്.ഒയുമായി നടത്തിയ ചർച്ചയിൽ കാട്ടാന ശല്യം ഒഴുവാക്കുന്നതിനാവശ്യമായ എല്ലാ നടപകളും ഉടൻ ആരംഭിക്കുമെന്ന ഉറപ്പിൽ സമരം അവസാനിപ്പിച്ചു. മലയോര കർഷകരായ സുധീർ മലയിൽ ,രത്നമ്മ, റജി ജോൺസൺ, ഭാരതി,ജെയിംസ്, സനോജ്, അന്നമ്മ, രാജേന്ദ്രൻ, മുനീർ, ഷിബു തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.