photo
കൊട്ടാരക്കര ഗണപതി ക്ഷേത്രക്കുളം

കൊല്ലം: കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിന് നൂറുകോടി രൂപയുടെ വികസന പദ്ധതികൾക്ക് ദേവസ്വംബോർഡും സർക്കാരും ചേർന്ന് രൂപം നൽകുന്നു. ഇതിന്റെ ആദ്യഘട്ടമെന്ന നിലയിൽ ക്ഷേത്രക്കുളം നവീകരണ ജോലികൾ ഉടൻ തുടങ്ങും. മുൻപ് ടൂറിസം വകുപ്പിൽ നിന്ന് അനുവദിച്ച 50 ലക്ഷം രൂപ ഉപയോഗിച്ച് ക്ഷേത്രക്കുളം നവീകരിച്ചുവെങ്കിലും ടൂറിസം സാദ്ധ്യതകൾക്ക് പ്രയോജനപ്പെട്ടില്ല. തീർത്ഥാടന ടൂറിസത്തിനാണ് പ്രാധാന്യം നൽകുന്നത്. കൊട്ടാരക്കരയുടെ വികസന പദ്ധതികൾക്കായി മന്ത്രി കെ.എൻ.ബാലഗോപാലിന്റെ നേതൃത്വത്തിൽ മാസ്റ്റർ പ്ളാൻ തയ്യാറാക്കാനൊരുങ്ങുന്ന കൂട്ടത്തിൽ ഗുരുവായൂർ മോഡൽ ടെമ്പിൾ സിറ്റിയുടെ പ്രാധാന്യവും പരിഗണിക്കുന്നുണ്ട്. ഗണപതി ക്ഷേത്രമാണ് പട്ടണത്തിന്റെ പ്രധാന തീർത്ഥാടന കേന്ദ്രം. കൊട്ടാരക്കര ഗണപതിയുടെ പേരിലാണ് പല നാടുകളിലും ദേശത്തെ അറിയപ്പെടുന്നതും. ആ പരിഗണന നൽകിക്കൊണ്ടുതന്നെ ക്ഷേത്ര വികസനവും പട്ടണ വികസനവും യാഥാർത്ഥ്യമാക്കാമെന്നാണ് ആലോചനകൾ.

തീർത്ഥാടന-വിനോദ സഞ്ചാര സർക്യൂട്ട്

ഗണപതി ക്ഷേത്രം, പടിഞ്ഞാറ്റിൻകര മഹാദേവർ ക്ഷേത്രം, കുലശേഖരനല്ലൂർ ക്ഷേത്രം, പനയ്ക്കൽകാവ് എന്നീ നാല് ക്ഷേത്രങ്ങളുടെ വികസനം മുന്നിൽക്കണ്ടുകൊണ്ടുള്ള തീർത്ഥാടന-വിനോദ സഞ്ചാര സർക്യൂട്ടിന് ദേവസ്വംബോർഡും സർക്കാരും ലക്ഷ്യമിടുന്നുണ്ട്. കൊട്ടാരക്കര ടൗണിൽ 94 സെന്റ് ഭൂമി ദേവസ്വംബോർഡ് നേരത്തെ വിലയ്ക്ക് വാങ്ങിയിരുന്നു. പുലമൺ ജംഗ്ഷനിൽ ദേവസ്വം ഉടമസ്ഥതയിലുള്ള രണ്ട് സെന്റ് ഭൂമിയിൽ ദേവസ്വം ഇൻഫർമേഷൻ സെന്റർ തുടങ്ങാനും പദ്ധതിയുണ്ട്. വിവാഹ ഓഡിറ്റോറിയം, ഷോപ്പിംഗ് കോംപ്ളക്സ്, ഉണ്ണിയപ്പം നിർമ്മാണത്തിനുള്ള പ്രത്യേക സ്ഥലം, നാളീകേര ഡ്രെയിനേജ് സംവിധാനം, വാഹന പാർക്കിംഗ് സംവിധാനം, ഭക്തർക്കും അതിഥികൾക്കുമുള്ള വിശ്രമ സംവിധാനങ്ങൾ തുടങ്ങി ഒട്ടേറെ സൗകര്യങ്ങളാണ് ഏർപ്പെടുത്താനുദ്ദേശിക്കുന്നത്.

ക്ഷേത്രക്കുളം നവീകരണം ഉടൻ

ക്ഷേത്രക്കുളത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. 4.6 കോടി രൂപയാണ് കുളം നവീകരണത്തിനായി അനുവദിച്ചിട്ടുള്ളത്. ഗോപുരം, കുളത്തിന്റെ വശങ്ങളിൽ നടപ്പാത, വിശ്രമ സ്ഥലം എന്നിവ നിർമ്മിക്കും. മരങ്ങളും ക്ഷേത്ര ഉദ്യാന ചെടികളും നട്ടുപിടിപ്പിച്ച് സൗന്ദര്യവത്കരണവും നടത്തും.

അവലോകന യോഗം

ഗണപതി ക്ഷേത്ര വികസനവുമായി ബന്ധപ്പെട്ട് ദേവസ്വംബോർഡ് പ്രസിഡന്റ് എൻ.വാസുവിന്റെ അദ്ധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു. മന്ത്രി കെ.എൻ.ബാലഗോപാൽ , നഗരസഭ ചെയർമാൻ എ.ഷാജു, പി.ഐഷാപോറ്റി, നഗരസഭ കൗൺസിലർമാർ, ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികൾ, ദേവസ്വം ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.