ശാസ്താംകോട്ട: ശൂരനാട് തെക്ക് പഞ്ചായത്തിൽ ദേശസാൽകൃത ബാങ്കിനായി കാത്തിരിപ്പ് തുടരുന്നു. കുന്നത്തൂർ താലൂക്കിൽ ദേശസാൽകൃത ബാങ്കില്ലാത്ത ഏക പഞ്ചായത്താണ് ശൂരനാട് തെക്ക്. പഞ്ചായത്ത് ഒഫീസ്, വില്ലേജ് ഓഫീസ് ,സർക്കാർ ആശുപത്രികൾ, കൃഷിഭവൻ, സ്കൂളുകൾ ,സപ്ലൈകോ സൂപ്പർ മാക്കറ്റ് ഉൾപ്പടെ നിരവധി സ്ഥാപനങ്ങളുള്ള ശൂരനാട് തെക്ക് ഗ്രാമപഞ്ചായത്തിലെ പതാരം ജംഗ്ഷനിൽ മുമ്പ് എസ്.ബി.ഐ യുടെ ശാഖ അനുവദിച്ചെങ്കിലും ഉന്നത ഇടപെടൽ മൂലം ചക്കുവള്ളിയിലേക്ക് മാറ്റി. വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാരും വിദ്യാർത്ഥികളും ഉൾപ്പെടെയുള്ളവർ ബാങ്കിംഗ് ഇടപാടുകൾ നടത്തുന്നതിനായി കിലോമീറ്റർ അകലെയുള്ള ഭരണിക്കാവ്, ചക്കുവള്ളി, കരുനാഗപ്പള്ളി ,മൈനാഗപ്പള്ളി ,ശാസ്താംകോട്ട എന്നിവിടങ്ങളിലെ ബാങ്കുകളെയാണ് ആശ്രയിക്കുന്നത്.
ബാങ്ക് തേടി മറ്റിടങ്ങളിലേക്ക്
കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ബാങ്കുകളുടെ പ്രവർത്തനങ്ങളിൽ നിയന്ത്രണങ്ങളുള്ളതിനാൽ ഇടപാടുകൾക്കായി പുലർച്ചെ തന്നെ പോകേണ്ട സ്ഥിതിയാണ് . ശൂരനാട് തെക്ക് പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ കൂടി ബസ് സർവീസ് കുറവായതിനാൽ മറ്റു സ്ഥലങ്ങളിലുള്ള വിവിധ ബാങ്കുകളിൽ പോകുന്നതിനായി വലിയ തുക ഓട്ടോ, ടാക്സി കൂലിയായി നൽകേണ്ട സ്ഥിതിയാണ്.പെൻഷൻ വാങ്ങുന്നതിനും മറ്റും ബാങ്കുകളെ ആശ്രയിക്കുന്നവരാണ് കൂടുതൽ ദുരിതത്തിലാകുന്നത്. ഇന്ധന വില വർദ്ധനവിന്റെ പശ്ചാത്തലത്തിൽ കിട്ടുന്ന ആനുകൂല്യത്തെക്കാൾ കൂടുതൽ യാത്രക്കൂലി കൊടുക്കേണ്ട സ്ഥിതിയാണ് നിലവിലുള്ളത്.
ജനപ്രതിനിധികൾ ഇടപെടണം
സ്കൂളുകളിൽ നിന്ന് വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന സ്കോളർഷിപ്പുകളും സർക്കാരിൽ നിന്ന് പൊതുജനങ്ങൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളുമെല്ലാം ബാങ്കുകളിലൂടെ മാത്രം ലഭിക്കുന്ന കാലത്ത്, ശൂരനാട് തെക്ക് പഞ്ചായത്തിന്റെ കേന്ദ്രമായ പതാരത്ത് ദേശസാൽകൃത ബാങ്ക് അനുവദിക്കുന്നതിന് കക്ഷി രാഷ്ട്രീയ വ്യത്യാസമില്ലാതെ ജനപ്രതിനിധികൾ ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. .