കൊട്ടിയം: നഗരത്തിൽ വൈദ്യുതി വിതരണം മുടങ്ങാതിരിക്കാൻ സ്ഥാപിച്ച ഗ്യാസ് ഇൻസുലേറ്റഡ് സബ്സ്റ്റേഷന്റെ (ജിസ്) പ്രവർത്തനം കാര്യക്ഷമമാക്കാൻ 33 കോടി രൂപ ചെലവിൽ 11 കെ.വി ഭൂഗർഭ കേബിൾ സ്ഥാപിക്കും. കൊട്ടിയത്തുനിന്നുമാണ് ജിസ് സ്റ്റേഷനിലേക്ക് ഭൂഗർഭ കേബിൾ സ്ഥാപിക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം എം. നൗഷാദ് എം.എൽ.എ നിർവഹിച്ചു. കൊല്ലം നഗരത്തിൽ വൈദ്യുതി തടസമുണ്ടായാൽ തിരുവനന്തപുരം ജില്ലയിൽ നിന്ന് വൈദ്യുതി എത്തിക്കാൻ കഴിയും. കൊല്ലം ടൗൺ, ഇരവിപുരം മണ്ഡലത്തിലെ മുണ്ടക്കൽ ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് തുടങ്ങിയ നിരവധിയിടങ്ങളിൽ കൊല്ലം സബ് സ്റ്റേഷനിൽ നിന്ന് തടസരഹിത വൈദ്യുതി എത്തിക്കാനാവും. ഭൂഗർഭ കേബിളുകൾ സ്ഥാപിക്കുന്നതിന്റെ പ്രവർത്തനോദ്ഘാടനവും എം.എൽ.എ നിർവഹിച്ചു.
ചടങ്ങിൽ കൊട്ടാരക്കര ട്രാൻസ്മിഷൻ ഡെപ്യൂട്ടി ചീഫ് എൻജിനിയർ മേരി ജോൺ, എക്സിക്യുട്ടീവ് എൻജിനിയർമാരായ ജോസഫ് ഷാജി, ജി. സോണി, അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർമാരായ എ. ശ്യാം കുമാർ, ശ്രീകല എന്നിവർ പങ്കെടുത്തു.