police
കൊല്ലം പായിക്കട റോഡിലെ കടകൾ പൊലീസ് അടപ്പിക്കുന്നു

കൊല്ലം: സർക്കാർ പുറപ്പെടുവിച്ച ഇളവുകൾ അനുവദിക്കാതെ ജനങ്ങൾക്കും വ്യാപാരികൾക്കും ദുരിതം സമ്മാനിച്ച് പൊലീസ്. ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ഉത്തരവ് പ്രകാരം ഇന്നലെ തുറന്ന് പ്രവർത്തിക്കാൻ അനുമതിയുള്ള വ്യാപാര സ്ഥാപനങ്ങൾ പൊലീസ് സംഘം കൊല്ലം നഗരത്തിലടക്കം പലയിടങ്ങളിലും അടപ്പിച്ചു. ജില്ലാ ഭരണകൂടത്തിന്റെ അറിയിപ്പ് വിശ്വസിച്ച് അത്യാവശ്യ സാധനങ്ങൾ വാങ്ങാൻ ഇറങ്ങിയ ജനങ്ങളും ഇതോടെ വലഞ്ഞു.

കൊല്ലം കോർപ്പറേഷൻ കഴിഞ്ഞ ആഴ്ച വരെ ‘ബി’ വിഭാഗത്തിലായിരുന്നു. പുതുക്കിയ ടി.പി.ആർ പ്രകാരം വ്യാഴാഴ്ച മുതൽ ‘സി’ യിലേക്ക് മാറി. സി വിഭാഗത്തിൽ സമ്പൂർണ ലോക്ഡൗണായതിനാൽ അവശ്യ വസ്തുക്കൽ വിൽക്കുന്ന കടകൾക്ക് മാത്രം എല്ലാ ദിവസവും രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴു വരെ പ്രവർത്തിക്കാം. ബാക്കിയുള്ള ടെക്സ്റ്റയിൽസ്, ജൂവലറി, ചെരുപ്പ് കടകൾ, വിദ്യാർത്ഥികൾക്കുള്ള പുസ്തകങ്ങൾ വിൽക്കുന്ന കടകൾ എന്നിവ വെള്ളിയാഴ്ച തുറക്കാം. ഇതനുസരിച്ച് തുറന്ന കടകളാണ് പൊലീസിന്റെ നേതൃത്വത്തിൽ അടപ്പിച്ചത്. മെയിൻ റോഡിലെയും ചാമക്കട മാർക്കറ്റിലെയും തുറന്ന കടകൾ രാവിലെ മുതൽ അടപ്പിക്കാൻ ഉദ്യോഗസ്ഥ സംഘം രംഗത്തിറങ്ങി. സി വിഭാഗമായതിനാൽ വെള്ളിയാഴ്ച തുറക്കാമല്ലോ എന്ന വ്യാപാരികളുടെ ചോദ്യത്തിന് കണ്ടെയൻമെന്റ് സോണായതിനാൽ ഇളവില്ലെന്നായിരുന്നു മറുപടി. എന്നാൽ ചിന്നക്കടയും പരിസര പ്രദേശങ്ങളും ജില്ലാ ഭരണകൂടം കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചിട്ടില്ലെന്നതാണ് യഥാർത്ഥ്യം.

പിഴ ചുമത്തുമെന്ന് ഭീഷണി

ഇളവുകൾ ചൂണ്ടിക്കാട്ടിയ വ്യാപാരികൾക്ക് നേരെ കട അടച്ചില്ലെങ്കിൽ പിഴ ചുമത്തുമെന്നായിരുന്നു പൊലീസിന്റെ ഭീഷണി. പരാതിയുണ്ടെങ്കിൽ കളക്ടറെ ബോധിപ്പിക്കാനും പരുഷ ഭാഷയിൽ ഉപദേശിച്ചു. കോർപ്പറേഷനിലെ കുരീപ്പുഴ, നീരാവിൽ, അഞ്ചാലുംമൂട്, കടവൂർ, മതിലിൽ, വാളത്തുംഗൽ, ആക്കോലിൽ, തെക്കുംഭാഗം, ഇരവിപുരം, ഭരണിക്കാവ്, തെക്കേവിള ഡിവിഷനുകളാണ് പൂർണമായി കണ്ടെയ്ൻമെന്റ് സോണിലുള്ളത്. ഇവിടെയില്ലാത്ത നിയന്ത്രണങ്ങളാണ് നഗരപ്രദേശത്ത് വെള്ളിയാഴ്ച നടപ്പാക്കിയതെന്നാണ് പരാതി. വ്യക്തതയില്ലാത്ത കാറ്റഗറി നിർണയത്തിനെതിരെ പ്രതിഷേധത്തിലാണ് വ്യാപാരികൾ. പഞ്ചായത്ത്, മുനിസിപ്പൽ മേഖലയിലും സമാനമായ തരത്തിൽ പൊലീസിന്റെ അന്യായ ഇടപെടലുകൾ ഇന്നലെയുണ്ടായി.