cow

കൊല്ലം: രണ്ട് തലയും രണ്ട് വാലും ഒരു ഉടലുമുള്ള പശുക്കുട്ടിയെ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. നെടുമ്പന പഞ്ചായത്തിൽ ചരുവിള വീട്ടിൽ ജമാലുദ്ദീന്റെ ഹോൾസ്റ്റീൻ ഇനത്തിലുള്ള പശുവിനെ ശസ്ത്രക്രിയ നടത്തിയപ്പോഴാണ് ഇരട്ട തലയുള്ള പശുക്കുട്ടിയെ കിട്ടിയത്.

പ്രസവിക്കുന്നതിന്റെ ലക്ഷണങ്ങൾ കാട്ടിയെങ്കിലും പശുക്കുട്ടി പുറത്തുവന്നില്ല. നെടുമ്പന വെറ്ററിനറി സർജൻ ഡോ. ഷാജി റഹ്മാൻ നടത്തിയ പരിശോധനയിൽ ഇരട്ട തലയുള്ള പശുക്കുട്ടിയാണെന്ന് ബോദ്ധ്യപ്പെട്ടു. ജില്ല വെറ്ററിനറി കേന്ദ്രത്തിലെ ഡോ. റെജിനും ഡോ. ഷാജി റഹ്മാനും അടങ്ങുന്ന സംഘം നാല് മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ കുട്ടിയെ പുറത്തെടുത്തു. ചത്ത നിലയിലായിരുന്നു. ഇരട്ടക്കുട്ടികളുടെ അപൂർണമായ സംയോജനമായിരുന്നു. ഇത്തരത്തിലുള്ള ജനനം അപൂർവമായി സംഭവിക്കാറുണ്ട്. അമ്മ പശു സുഖം പ്രാപിച്ചുവരുന്നു.