തഴവ: മതിലിനടിയിലൂടെയുള്ള ഓവ് ചാലിൽ കുടുങ്ങിയ വളർത്ത് നായയെ കരുനാഗപ്പള്ളി അഗ്നിശമന സേന രക്ഷപ്പെടുത്തി. കുലശേഖരപുരം കോയിക്കാമഠത്തിൽ രവിയുടെ വളർത്തുനായയാണ് ഓവ് ചാലായി ഉപയോഗിച്ചിരുന്ന പൈപ്പിൽ കുടുങ്ങിയത്‌. മതിലിന്റെ ഒരു വശം ഇടിച്ച് മാറ്റിയ ശേഷം നായയുടെ മുഖത്ത് കുടുങ്ങിയ പൈപ്പ് മുറിച്ച് മാറ്റിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.

കരുനാഗപ്പള്ളി ഫയർസ്റ്റേഷനിലെ എ.എസ്.ടി ഒ .വിനോദ് , എഫ്.ആർ.ഒ മാരായ അനിൽ കെ. കുമാർ, സച്ചു, വിപിൻ, എച്ച്.ജി. രഞ്ജിത് എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.