photo

കൊല്ലം: കാൽപ്പന്ത് ആരാധകരുടെ ആവേശമാണ് എന്നും സ്‌പെയിനിലെ റയൽ മാഡ്രിഡ് ക്‌ളബ്. ഈ ഫുട്ബാൾ മാന്ത്രിക കുടുംബത്തിലെ യൂണിവേഴ്‌സിറ്റിയിൽ നിന്ന് സ്‌കോളർഷിപ്പോടെ എം.ബി.എ പഠനം പൂർത്തിയാക്കുകയെന്നത് അതിനേക്കാൾ ഭാഗ്യമാണ്.

കൊല്ലം ചവറ മുകുന്ദപുരം നാന്നിക്കാട്ട് വീട്ടിൽ തുളസീധരൻ പിള്ളയുടെയും രാജേശ്വരി തുളസിയുടെയും രണ്ടാമത്തെ മകനായ കാർത്തിക് തുളസിക്കാണ് (23) അപൂർവ ഭാഗ്യം ലഭിച്ചത്.

ജനിച്ചതും വളർന്നതും മസ്‌കറ്റിലാണ്. ഒന്നാം വയസ് മുതൽ പന്ത് തട്ടിത്തുടങ്ങി. ഒരു വർഷം മുമ്പാണ് കുടുംബം ചവറയിൽ സ്ഥിരതാമസമാക്കിയത്. തുടർന്ന് ഗോകുലം ഫുട്ബാൾ ക്‌ളബിനുവേണ്ടി ട്രയൽസിൽ പങ്കെടുത്തു. ഇവിടെ സജീവമാകാനൊരുങ്ങവെയാണ് റയൽ മാഡ്രിഡിൽ എം.ബി.എയ്ക്ക് സ്‌കോളർഷിപ്പോടെ അഡ്മിഷൻ ലഭിച്ചത്.

ഫുട്ബാൾ മാനേജ്‌മെന്റ് ആൻഡ് കോച്ചിംഗിൽ പത്തുമാസമാണ് പഠനം. കോഴ്‌സ് ഈ മാസം പൂർത്തിയാകും. പഠനത്തോടൊപ്പം ലഗാനസിൽ ട്രയലിന് സെലക്ഷനും ലഭിച്ചു. പിന്നീട് ക്‌ളബ് ഡെപോർട്ടീവോ പ്രോസ് എന്ന പ്രമുഖ ടീമിൽ അംഗവുമായി. പഠനം പൂർത്തിയാകുന്നതോടെ കളത്തിലിറങ്ങി കളിക്കാനാണ് കാർത്തിക്കിന്റെ തീരുമാനം.

കളത്തിൽ ലെഫ്ട് വിംഗർ

പത്താം ക്‌ളാസ് കഴിഞ്ഞപ്പോൾ ദുബായിൽ ഫുട്ബാൾ കോച്ചിംഗ് ക്‌ളാസിന് ചേർന്നു. മസ്‌കറ്റ് ഫുട്ബാൾ ക്‌ളബുകൾക്കുവേണ്ടി കളിച്ച് താരമായി. വൽജാസ് കോളേജിൽ ബി.ബി.എയ്ക്ക് പഠിക്കവെ കോളേജ് ടീമിലംഗമായിരുന്നു. ലെഫ്ട് വിംഗറായാണ് കളിക്കുക. പന്ത് കട്ട്‌ ചെയ്ത് പാസ് നൽകി ഗോൾ ക്രിയേറ്റ് ചെയ്തുകൊടുക്കുമ്പോൾ അടുത്ത കളിക്കാരൻ ഗോൾ അടിക്കുന്നതാണ് പതിവ്. ചിലപ്പോഴൊക്കെ കാർത്തിക്കും ഗോളടിക്കാറുണ്ട്.

''

കൊവിഡ് പശ്ചാത്തലത്തിൽ ഇന്റേൺഷിപ്പ് തടസപ്പെട്ടു. സെപ്തംബറിലേയ്ക്ക് ശ്രമിക്കുന്നുണ്ട്. റയൽ മാഡ്രിഡ് ടീമിനൊപ്പം പ്രാക്ടീസ് ചെയ്യാൻ അവസരം ലഭിച്ചിട്ടില്ല. അതുകൊണ്ടാണ് ലഗാനസിനൊപ്പം പോയത്.


കാർത്തിക് തുളസി