എഴുകോൺ: സഹോദരിയുടെ ഓർമ്മയ്ക്കായി അങ്കണവാടി നിർമ്മിക്കാൻ ഭൂമി വിട്ടുനൽകി സഹോദരൻ. യൂത്ത് കോൺഗ്രസ് എഴുകോൺ മണ്ഡലം ജനറൽ സെക്രട്ടറി കൊച്ചാഞ്ഞിലിമൂട് ചന്ദ്രികാലയത്തിൽ സനൽ കുമാറാണ് അകാലത്തിൽ മരണമടഞ്ഞ സഹോദരി ജൂനിയുടെ ഓർമ്മയ്ക്ക് മൂന്ന് സെന്റ് ഭൂമി വിട്ട് നൽകിയത്. 22 വർഷമായി സ്വന്തമായി കെട്ടിടമില്ലാതെ വാടക കെട്ടിടത്തിൽ പ്രവർത്തിച്ച് വന്നിരുന്ന കൊച്ചാഞ്ഞിലിമൂട് 75-ാം നമ്പർ അങ്കണവാടിക്ക് കെട്ടിടം നിർമ്മിക്കാനാണ് ഭൂമി നൽകിയത്. 2017 ലാണ് റിട്ട. പഞ്ചായത്ത് സെക്രട്ടറി ശശിധരന്റെയും ചന്ദ്രികയുടെയും മകൾ ജൂനി മരിക്കുന്നത്. സഹോദരിയുടെ അഞ്ചാം ചരമ വാർഷിമായപ്പോൾ സനൽ കുമാർ വാർഡ് അംഗം കൂടിയായ എഴുകോൺ പഞ്ചായത്ത് പ്രസിഡന്റ് രതീഷ് കിളിത്തട്ടിലുമായി അങ്കണവാടിയുടെ കാര്യം സംസാരിക്കാൻ ഇടയായി. തുടർന്ന് വീട്ടുകാരുമായി ആലോചിച്ച് ഭൂമി വിട്ട് നൽകാൻ തീരുമാനിക്കുകയായിരുന്നു. സനൽകുമാറും സഹോദരൻ വി.ഇ.ഒ യുമായ സനുവും രതീഷ് കിളിത്തട്ടിലിനോട് തീരുമാനം അറിയിച്ചു. തുടർന്ന് ഇന്നലെ പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ പ്രമാണം പഞ്ചായത്ത് പ്രസിഡന്റിന് കൈമാറി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആതിര ജോൺസൺ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് അംഗങ്ങൾ, സെക്രട്ടറി ഇൻ ചർച്ച് ബിജി തുടങ്ങിയവർ പങ്കെടുത്തു. പഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്മാർട്ട് അങ്കണവാടി നിർമ്മിക്കുമെന്ന് പ്രസിഡന്റ് രതീഷ് കിളിത്തട്ടിൽ പറഞ്ഞു.