തിരുവനന്തപുരം: ഉരുട്ടിക്കൊല, കസ്റ്റഡി മരണം, ലാത്തിയേറ്, പീഡനക്കേസ്... അടുത്തകാലത്ത് പൊലീസിനെ പ്രതിക്കൂട്ടിലാക്കിയ സംഭവങ്ങൾ നിരവധി.പൊലീസ് സ്റ്റേഷനിലും ക്രമസമാധാന പാലനത്തിനിടയിലും മാത്രമായിരുന്നു കാക്കിയിട്ടവരുടെ ക്രൂരതയ്ക്ക് ജനം ഇരകളായിരുന്നതെങ്കിൽ പൊലീസെന്ന മേൽവിലാസത്തിന്റെ എപ്പോൾ വേണമെങ്കിലും ആളുകളുടെ ജീവനെടുക്കാമെന്നതാണ് ഇപ്പോഴത്തെ അവസ്ഥ. കഴിഞ്ഞദിവസം പണം ഇടപാടിനെ ചൊല്ലി കൊച്ചിയിൽ അയൽവാസിയായ ഓട്ടോഡ്രൈവറെ തല്ലിക്കൊല്ലാൻ നേതൃത്വം നൽകിയതും പൊലീസുകാരനാണ്. ഇടപ്പള്ളി നോർത്ത് സ്വദേശി സ്വദേശി ഓട്ടോ ഡ്രൈവർ കണ്ണനെന്നു വിളിക്കുന്ന കൃഷ്ണകുമാറിനെ(32) ഇടപ്പള്ളിയിലെ പുഴക്കരയിൽ കൊലപ്പെടുത്തിയ കേസിലാണ്
എറണാകുളം എ.ആർ ക്യാമ്പിലെ സിവിൽ പൊലീസ് ഉദ്യോഗസ്ഥൻ അമൃത ആശുപത്രിക്ക് സമീപം വൈമേലിൽ ബിജോയ് ജോസഫ്(35) അറസ്റ്റിലായത്. മദ്യപിച്ച് പൊലീസ് സ്റ്റേഷൻ ലോക്കപ്പിൽ ബഹളമുണ്ടാക്കിയതുൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായിരുന്നു ബിജോയ്.
പൊലീസിനെ നേർവഴിക്ക് നടത്താൻ മേലുദ്യോഗസ്ഥരുടെ വക നിരന്തരമുള്ള തിട്ടൂരം.. എന്നിട്ടും പഠിക്കുന്നില്ലേ, നമ്മുടെ പൊലീസ്. ജനം ചോദിക്കുന്നത് ഇതാണ്. കഴിഞ്ഞ സർക്കാരിന്റെ കാലത്തും പൊലീസിൽ നിന്ന് പൊതുജനത്തിന് നേരിടേണ്ടിവന്ന ദുരനുഭവങ്ങൾ നിരവധിയാണ്. വാഹന പരിശോധനയ്ക്കിടെ കടയ്ക്കലിൽ ബൈക്ക് യാത്രികനെ ലാത്തിക്കെറിഞ്ഞിട്ടതും സഹപ്രവർത്തകയുടെ മകളെ ഉപദ്രവിക്കാൻ ശ്രമിച്ച എസ്.ഐയ്ക്കും സിനിമാ നടന്റെ ഭാര്യയെ ഉപദ്രവിക്കാൻ ശ്രമിച്ച അസി.കമ്മിഷണർക്കെതിരായ പരാതികളും ഇതിൽ ചിലതുമാത്രം. ഇതുമാത്രമല്ല, മുമ്പ് കസ്റ്റഡിക്കൊല ഉൾപ്പെടെയുള്ള കേസുകളിലും പൊലീസ് പഴികേട്ടതാണ്. അപ്പോഴൊക്കെ തിരുത്തൽ നടപടിയുമായി മേലുദ്യോഗസ്ഥർ എത്തും. എന്നാൽ, ദിവസങ്ങൾ പിന്നിടുമ്പോൾ കാര്യങ്ങൾ പഴയപടി. തല്ലേണ്ട അമ്മാവാ ഞാൻ നന്നാവില്ലെന്ന മട്ടിലാണ് പൊലീസിന്റെ ഈ പോക്ക്. സർക്കാരിനൊപ്പം പൊലീസ് മേധാവിസ്ഥാനത്തും പുതിയ ആളെത്തി.
കുറ്റക്കാർക്കെതിരെ അന്വേഷണം നടത്തുകയും കർശന നടപടി കൈക്കൊള്ളുകയും ചെയ്തിട്ടും പൊലീസുകാർ പ്രതിസ്ഥാനത്താകുന്ന കേസുകൾക്ക് കുറവുണ്ടായിട്ടില്ല. പൊലീസുകാരുടെ മാനസിക സമ്മർദ്ദം കുറയ്ക്കാനും നല്ല ചിന്തകൾക്കുമായി യോഗയും സകുടുംബം ടൂറുമുൾപ്പെടെ പദ്ധതികൾ പലതും ആവിഷ്കരിച്ചിട്ടും ഒന്നും ഫലപ്രാപ്തിയിലെത്തിയില്ല എന്നതാണ് അടുത്തകാലത്തുണ്ടായ സംഭവങ്ങൾ തെളിയിക്കുന്നത്. സേനയിൽ ക്രിമിനൽ കേസുകളിൽപ്പെട്ടവരുടെ പട്ടിക തയാറാക്കിയിട്ടും കാര്യമായ നടപടി സ്വീകരിക്കാത്തതും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ ഇടയാക്കുന്നുവെന്നാണ് ആക്ഷേപം. മാത്രമല്ല, കേവലം ഒരു സസ് പെൻഷനിൽ മാത്രം പലപ്പോഴും അച്ചടക്ക നടപടി ഒതുങ്ങാറാണ് പതിവ്. ഇതെല്ലാം പൊലീസിൽ ക്രിമിനൽ കൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് എളുപ്പമാവുന്നു. രാപ്പകലില്ലാതെ സത്യസന്ധമായി ജോലി ചെയ്യുന്ന ഭൂരിപക്ഷം സേനാംഗങ്ങളെക്കൂടി കളങ്കപ്പെടുത്തുന്നതാണ് ചെറിയ ശതമാനം പൊലീസുകാരുടെ ദുഷ് ചെയ്തികൾ.
#കസ്റ്റഡി മരണങ്ങൾ
അടിയന്തരാവസ്ഥ കാലത്ത് രാജൻ എന്ന വിദ്യാർത്ഥിയെ കക്കയം ക്യാമ്പിൽ ഉരുട്ടിക്കൊന്നതുമുതൽ ഏറ്റവും ഒടുവിൽ കട്ടപ്പനയിൽ രാജ് കുമാറിനെ മർദ്ദിച്ച് കൊലപ്പെടുത്തിയത് വരെ നീളുന്നതാണ് കേരളത്തിലെ കസ്റ്റഡി മരണങ്ങളുടെ ചരിത്രം.
ഗോപി
1987ലാണ് ചേർത്തല സ്വദേശി ഗോപി പൊലീസ് കസ്റ്റഡിയിൽ മരിക്കുന്നത്. അച്ഛൻ തങ്കപ്പൻ നടത്തിയ നിയമപോരാട്ടത്തിനൊടുവിൽ ഇരുപതു വർഷങ്ങൾക്കുശേഷം കുറ്റക്കാരായ പൊലീസുകാർ ശിക്ഷിക്കപ്പെട്ടു.
ഉദയകുമാർ
2005 സെപ്തംബർ 27ന് ഫോർട്ട് സ്റ്റേഷനിൽ ഉദയകുമാറിനെ ഉരുട്ടിക്കൊലപ്പെടുത്തി. 2018 ജൂലൈയിൽ ആദ്യ രണ്ടു പ്രതികളായ പൊലീസുകാർക്ക് കോടതി വധശിക്ഷ വിധിച്ചു.
രാജേന്ദ്രൻ
2005 ഏപ്രിൽ 6ന് രാജേന്ദ്രൻ കൊല്ലം ഈസ്റ്റ് സ്റ്റേഷൻ വളപ്പിലെ പൊലീസ് മ്യൂസിയത്തിൽ ചോദ്യം ചെയ്യലിനിടെ മർദ്ദനമേറ്റ് മരിച്ചു. മോഷ്ടാവെന്ന് ആരോപിച്ചായിരുന്നു രാജേന്ദ്രനെ കസ്റ്റഡിലെടുത്തത്. 2014 നവംബർ 28ന് പ്രതികളായ രണ്ടു പൊലീസുകാരെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു.
സമ്പത്ത്
2010 മാർച്ച് 29ന് പാലക്കാട് സ്വദേശി സമ്പത്ത് പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ടു. പാലക്കാട് പുത്തൂരിൽ വീട്ടമ്മയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായിരുന്ന സമ്പത്തിന്റെ കസ്റ്റഡി മരണം സി.ബി.ഐ അന്വേഷിച്ചതോടെ പൊലീസുദ്യോഗസ്ഥർ അറസ്റ്റിലായി.
ശ്രീജിവ്
2014 മേയ് 19ന് നെയ്യാറ്റിൻകര സ്വദേശി ശ്രീജിവിനെ പാറശാല പൊലീസ് കസ്റ്റഡിയിലെടുത്തു. 21ന് ശ്രീജിവ് മരിച്ചു. കേസ് ഇപ്പോൾ സി.ബി.ഐ അന്വേഷിക്കുന്നു.
3വർഷം 6 കസ്റ്റഡി മരണം
അബ്ദുൾ ലത്തീഫ്
2016ൽ ടയർ മോഷണ പരാതിയിൽ വണ്ടൂർ പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തിയ അബ്ദുൾ ലത്തീഫിനെ സ്റ്റേഷനിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി.
കാളിമുത്തു
മോഷണക്കേസിൽ തലശേരി പൊലീസ് കസ്റ്റഡിയിലെടുത്ത കാളിമുത്തുവിനെ രണ്ടുദിവസത്തിനുശേഷം ലോക്കപ്പിൽ മരിച്ച നിലയിൽ കണ്ടെത്തി. പൊലീസുകാർക്ക് കൈമാറും മുമ്പ് നാട്ടുകാർ മർദ്ദിച്ചതാണ് മരണ കാരണമെന്നായിരുന്നു പൊലീസ് നിലപാട്.
ശ്രീജിത്ത്
2018 ഏപ്രിലിൽ വരാപ്പുഴ സ്വദേശി ശ്രീജിത്ത് പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ടു. കേരളത്തിൽ ഏറെ കോളിളക്കമുണ്ടാക്കിയ കേസാണിത്.
നവാസ്
2019- മദ്യപിച്ച് ബഹളം വച്ചതിന് കോട്ടയം മണർകാട് പൊലീസ് കസ്റ്റഡിയിലെടുത്ത നവാസ് ലോക്കപ്പിൽ മരിച്ചു. സംഭവത്തിൽ രണ്ടു പൊലീസുകാരെ സസ്പെൻഡ് ചെയ്തു.
രാജ്‍കുമാർ
പണം തട്ടിപ്പ് കേസിൽ പീരുമേട് ജയിലിൽ റിമാൻഡിലായിരുന്ന ഇടുക്കി കോലാഹലമേട് സ്വദേശി രാജ്‍കുമാർ ഇക്കഴിഞ്ഞ ജൂൺ 21നാണ് മരിച്ചത്. രാജ്‍കുമാറിന് മർദ്ദനമേറ്റതായി പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ സ്ഥിരീകരണം ഉണ്ടായിരുന്നു.
പൊലീസിലെ ക്രിമിനലുകൾ: 747
(സേന തന്നെ തയാറാക്കിയത്)
#ഡിവൈ.എസ്.പി - 10
#സി.ഐമാർ - 8
#എസ്.ഐ, എ.എസ്.ഐ - 195
#പൊലീസുകാർ - 534
#ജില്ലതിരിച്ച്
തിരു. സിറ്റി - 84
തിരു. റൂറൽ - 110
കൊല്ലംസിറ്റി - 48
കൊല്ലം റൂറൽ - 42
പത്തനംതിട്ട - 35
ആലപ്പുഴ - 64
കോട്ടയം - 42
ഇടുക്കി - 26
എറണാകുളം - 50
എറണാകുളംറൂറൽ - 40
തൃശൂർ സിറ്റി - 36
തൃശൂർ റൂറൽ - 30
പാലക്കാട് - 48
മലപ്പുറം - 37
കോഴിക്കോട് - 18
കോഴിക്കോട് റൂറൽ - 16
വയനാട് - 11
കണ്ണൂർ - 18
കാസർകോട് - 17