പത്തനാപുരം: കല്ലുംകടവിലെ പഴയ പാലം ഇനി ഓർമ്മ. പുനലൂർ-മൂവാറ്റുപുഴ പാതയുടെ നവീകരണത്തിന്റെ ഭാഗമായി പുതിയപാലം നിർമ്മിക്കുന്നതിനായാണ്
പഴയപാലം പൊളിച്ചത്. തമിഴ് നാട്, കർണ്ണാടക, അന്ധ്ര തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് ശബരിമല തീർത്ഥാടകർ കൂടുതലും സഞ്ചരിച്ച പാലമാണ് ഓർമ്മയാകുന്നത്. നിലവിൽ ഉപയോഗിക്കുന്ന പാലം നിലനിറുത്തിയാണ് സമീപത്തായി മറ്റൊരു പാലം കൂടി നിർമ്മിക്കുന്നത്. ആറ് മാസത്തിനുള്ളിൽ നിർമ്മാണം പൂർത്തീകരിക്കുമെന്ന് കെ.എസ്.ഡി.പി അധികൃതർ പറഞ്ഞു.
പുതിയ പാലം കൂടി വരുന്നതോടെ കല്ലുംകടവിൽ ഉപയോഗിക്കുന്ന പാലത്തിന്റെ എണ്ണം രണ്ടാകും.
രാജഭരണകാലത്തെ അവശേഷിപ്പ്
രാജഭരണകാലത്തെ അവശേഷിപ്പുകളിൽ ഒന്നായിരുന്നു കല്ലുംകടവ് പാലം. കൊല്ലം പത്തനംതിട്ട ജില്ല കളെ ബന്ധിപ്പിക്കുന്ന ആദ്യ കാല പാലമാണ് പൊളിക്കുന്നത് . പാലത്തിന് പുനലൂർ തൂക്കുപാലത്തോളം പഴക്കമുള്ളതായാണ് പഴമക്കാർ പറയുന്നത്. രാജഭരണക്കാലത്ത് അടൂർ , പന്തളം, പത്തനംതിട്ട എന്നിവിടങ്ങളിലേക്ക് രാജഭരണകർത്താക്കൾ ഉൾപ്പടെ കുതിര സവാരി നടത്തിയിരുന്നതും മറ്റ് യാത്രകൾ നടത്തിയിരുന്നതും ഈ പാലത്തിലൂടെയാണ്.