s
ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ കൊവിഡ് ബാധിച്ച് മരിച്ച മംഗലന്റെ വീട് സന്ദർശിച്ച് കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നു

മൺറോത്തുരുത്ത്: ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ മൺറോത്തുരുത്ത് സന്ദർശിച്ചു. കൊവിഡ് ബാധിച്ച് മരിച്ച ബി.ജെ.പി നേതാവ് നെന്മേനി തെക്ക് തോട്ടുകരയിൽ കെ. മംഗലന്റെ വസതിയിലെത്തിയ അദ്ദേഹം കുടുംബാംഗങ്ങളോട് അനുശോചനം അറിയിച്ചു. മക്കളുടെ വിദ്യാഭ്യാസം, വീട് നിർമ്മാണം എന്നിവയ്ക്ക് സംഘടനാപരമായി സഹായങ്ങൾ നൽകുമെന്ന് അദ്ദേഹം കുടുംബത്തിന് ഉറപ്പുനൽകി. തുടർന്ന് മൺറോത്തുരുത്ത് വില്ലിമംഗലം വെസ്റ്റ് വാർഡിലെ അഷ്ടമുടിക്കായൽ നീന്തിക്കടന്ന് പ്രശസ്തനായ എട്ടു വയസുകാരൻ മഹേശ്വറിന്റെ വീട്ടിലെത്തി നീന്തൽ താരത്തെ പൊന്നാടയണിയിച്ച് അനുമോദിച്ചു. സംസ്ഥാന അദ്ധ്യക്ഷനൊപ്പം ബി.ജെ.പി ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാർ, കുന്നത്തൂർ നിയോജക മണ്ഡലം പ്രസിഡന്റ് ബൈജു ചെറുപോയ്ക, നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് സുഷമ, നിയോജക മണ്ഡലം ജനറൽ സെക്രട്ടറിമാരായ സന്തോഷ് ചിറ്റേടം, സുരേഷ് ആറ്റുപുറത്ത്, ബി.ജെ.പി മൺറോത്തുരുത്ത് പഞ്ചായത്ത് സമിതി പ്രസിഡന്റ് റിട്ട. ക്യാപ്ടൻ സുദർശൻ, ജനറൽ സെക്രട്ടറി ഡി. മോഹനൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സൂരജ് സുവർണൻ, പ്രസന്നകുമാരി തുടങ്ങിയവർ പങ്കെടുത്തു.