പുത്തൂർ: പുത്തൂർ പടിഞ്ഞാറെ ചന്തയുടെ വികസനം യാഥാർത്ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം മാവടി ലോക്കൽ കമ്മിറ്റി മന്ത്രി കെ.എൻ.ബാലഗോപാലിന് നിവേദനം നൽകി. തീർത്തും ശോചനീയ സ്ഥിതിയിലാണ് ഇപ്പോൾ ചന്തയുടെ പ്രവർത്തനം. മാലിന്യ സംസ്കരണത്തിന് ശാസ്ത്രീയ സംവിധാനം ഫലപ്രദമായിട്ടില്ല. അടിസ്ഥാന സൗകര്യങ്ങളൊന്നും ഒരുക്കിയിട്ടുമില്ല. തട്ടിക്കൂട്ട് സംവിധാനങ്ങളിൽ ചന്ത കാലങ്ങളായി പ്രവർത്തനം തുടരുകയാണ്. ആധുനിക കശാപ്പുശാല, ശൗചാലയങ്ങൾ, വിപണന സ്റ്റാൾ, കുടിവെള്ള സംവിധാനം എന്നിവ വേണമെന്നാണ് നിവേദനത്തിൽ ചൂണ്ടിക്കാട്ടിയത്. ലോക്കൽ കമ്മിറ്റി സെക്രട്ടറി ഡി.എസ്.സുനിൽ, ഗ്രാമപഞ്ചായത്തംഗം കോട്ടയ്ക്കൽ രാജപ്പൻ എന്നിവരാണ് മന്ത്രിയ്ക്ക് നിവേദനം നൽകിയത്.