arun

പുനലൂർ: വാഹനാപകടത്തിൽ പരിക്കേറ്റ് അരമണിക്കൂറോളം റോഡിൽ ചോരവാർന്ന് കിടന്ന യുവാവിന് ദാരുണാന്ത്യം. ബി.എസ്.എൻ.എല്ലിലെ കരാർ ജീവനക്കാരനായ പുനലൂർ കോമളംകുന്ന് ഇന്ദിരാ ഭവനിൽ രാജൻ - ഇന്ദിര ദമ്പതികളുടെ മകൻ അരുൺരാജാണ് (35) മരിച്ചത്.

ഇന്നലെ രാവിലെ 11 ഓടെ പുനലൂർ - അഞ്ചൽ മലയോര ഹൈവേയിൽ കരവാളൂർ കേരളാ ബാങ്കിന് സമീപം നിയന്ത്രണം വിട്ടെത്തിയ കാറിടിച്ചായിരുന്നു അപകടം. ഹെൽമെറ്റ് ഉണ്ടായിരുന്നെങ്കിലും തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. സമ്പൂർണ ലോക്ക് ഡൗണായതിനാൽ ആശുപത്രിയിലെത്തിക്കാൻ വാഹനമൊന്നും ലഭിച്ചില്ല. പിന്നീട് അതുവഴിവന്ന ഡ്രൈവിംഗ് സ്കൂൾ വാഹനത്തിൽ പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.

നിയന്ത്രണം വിട്ട കാർ സമീപത്തെ രാമചന്ദ്രൻ നായരുടെ അടച്ചിട്ടിരുന്ന കടയുടെ ഷട്ടറിൽ ഇടിച്ചാണ് നിന്നത്. കാർ ഡ്രൈവർ അലയമൺ സ്വദേശി ഹരികൃഷ്ണന്റെ മുഖത്ത് നിസാര പരിക്കേറ്റു.

തിരുവല്ലത്ത് ബലിതർപ്പണ ചടങ്ങുകൾ കഴിഞ്ഞ് കാറിലുള്ളവരെ അഞ്ചലിൽ ഇറക്കിയ ശേഷം സുഹൃത്തിന്റെ കാർ തിരികെ കൊടുക്കാൻ കരവാളൂരിൽ എത്തിയപ്പോഴായിരുന്നു അപകടം.

മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രിയിൽ. സ്വകാര്യ സ്കാനിംഗ് സെന്ററിലെ ജീവനക്കാരിയായ ശരണ്യയാണ് ഭാര്യ. മകൻ: ശിവദത്ത്. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.