parking

കൊട്ടാരക്കര: ചന്തമുക്കിൽ നഗരസഭ ആസ്ഥാനവും ഷോപ്പിംഗ് കോംപ്ളക്സും നിർമ്മിക്കാനൊരുങ്ങി നഗരസഭ. നഗരസഭയ്ക്ക് ആസ്ഥാനം നിർമ്മിക്കാൻ കെ.ഐ.പി ഭൂമി വിട്ടുകിട്ടാനുള്ള നടപടിക്രമങ്ങൾ ഒരുവശത്ത് നടന്നുവരുമ്പോഴാണ് നഗരത്തിലെ ഏക പാർക്കിംഗ് സ്ഥലത്ത് കെട്ടിട നിർമ്മാണത്തിന് നഗരസഭതന്നെ മുൻകൈയെടുക്കുന്നത്. കിഫ്ബിയിൽ ഉൾപ്പെടുത്തി നേരത്തെതന്നെ ഇതിനായി ഫണ്ട് അനുവദിച്ചിരുന്നു. ചന്തമുക്കിൽ മുൻപ് ഷോപ്പിംഗ് കോംപ്ളക്സ് പ്രവർത്തിച്ചിരുന്ന ഭാഗമാണ് ഇപ്പോഴത്തെ പാർക്കിംഗ് ഗ്രൗണ്ട്.

സർക്കാർ പുറമ്പോക്കാണെന്ന് രേഖകളിൽ

2019 മാർച്ചിലാണ് ഷോപ്പിംഗ് കോംപ്ളക്സ് പൊളിച്ച് നീക്കിയത്. കെട്ടിടം പൊളിച്ച ശേഷം നഗരസഭ പുതിയ കെട്ടിടം നിർമ്മിക്കാൻ ആലോചിച്ചപ്പോൾ മുതൽ വിവാദങ്ങൾ ഉടലെടുത്തിരുന്നു. ഭൂമി റവന്യൂ വകുപ്പിന്റെ അധീനതയിലാണെന്നാണ് രേഖകൾ വ്യക്തമാക്കുന്നത്. സർവേ നമ്പർ 68-3ൽ ഉൾപ്പെട്ട 38.53 സെന്റ് ഭൂമി സർക്കാർ പുറമ്പോക്കാണെന്ന് കൃത്യമായി രേഖകളുള്ളപ്പോഴാണ് ഇവിടെ നഗരസഭ കെട്ടിടം നിർമ്മിക്കാനുള്ള തീരുമാനവുമായി രംഗത്തെത്തിയത്. ഇത് വലിയ നിയമക്കുരുക്കുകൾക്ക് ഇടയാക്കും. ചന്തമുക്കിലെ ഈ പൊതുസ്ഥലം പാർക്കിംഗ് ഗ്രൗണ്ടായും പൊതുയോഗങ്ങൾ സംഘടിപ്പിക്കാനുള്ള സ്ഥലമായും നിലനിറുത്തണമെന്നാണ് പൊതു ആവശ്യം. തിരഞ്ഞെടുപ്പുകാലത്തുൾപ്പടെ കൊട്ടാരക്കര പട്ടണത്തിലെ പൊതുയോഗങ്ങളെല്ലാം നടന്നുവരുന്നത് ചന്തമുക്കിലെ ഈ പൊതുസ്ഥലത്താണ്. മറ്റൊരു പാർക്കിംഗ് പ്രദേശം ഇല്ലാതെയുള്ള സ്ഥലത്ത് കെട്ടിട സമുച്ചയം നിർമ്മിക്കാൻ നഗരസഭ തയ്യാറായാൽ അത് ഗതാഗത കുരുക്കുകൾക്കും ഇടയാക്കും. കൊല്ലം-തിരുമംഗലം ദേശീയപാത നാലുവരി പാതയാക്കാനുള്ള നടപടികളും നടന്നുവരികയാണ്. ഇക്കാര്യത്തിൽ തീരുമാനമായാൽ പുതുതായി നിർമ്മിക്കുന്ന കെട്ടിടവും പൊളിയ്ക്കേണ്ടതായി വരും.

കെ.ഐ.പി ഭൂമി ലഭ്യമായേക്കും

കൊട്ടാരക്കര വില്ലേജ് ഓഫീസ് പരിധിയിൽ അഞ്ചേക്കർ ഭൂമി പുറമ്പോക്കായി ഉണ്ടെന്നാണ് രേഖകളിൽ വ്യക്തമാകുന്നത്. ചന്തമുക്ക്, പുലമൺ ജംഗ്ഷൻ തുടങ്ങി മുപ്പതിടത്തായിട്ടാണ് ഈ പുറമ്പോക്ക് ഭൂമിയുള്ളത്. ചിലത് സ്വകാര്യ വ്യക്തികൾ കൈയ്യടക്കി വച്ചിരിക്കുകയാണ്. കല്ലട ഇറിഗേഷൻ പ്രോജക്ട് വകയായി ഇരുപതേക്കൾ ഭൂമി ഉപയോഗമില്ലാതെ കിടപ്പുണ്ടെന്നാണ് പറയപ്പെടുന്നത്. പുലമൺ രവിനഗറിൽ കെ.ഐ.പി ഓഫീസിനോട് ചേ‌ർന്നുതന്നെ നാലര ഏക്കർ ഭൂമി വെറുതെകിടപ്പുണ്ടെന്ന് രേഖകളിലും വ്യക്തമാക്കുന്നു. ഈ ഭൂമി നഗരസഭയ്ക്ക് ഓഫീസ് സമുച്ചയത്തിനും മറ്റ് വികസനത്തിനുമായി വിട്ടുകിട്ടാനാണ് ഒരുവഴിയ്ക്ക് ശ്രമം നടക്കുന്നത്. മന്ത്രി കെ.എൻ.ബാലഗോപാലും ഇക്കാര്യത്തിൽ താത്പര്യം പ്രകടിപ്പിച്ചതോടെ ഭൂമി വിട്ടുകിട്ടുമെന്ന് ഏറെക്കുറെ ഉറപ്പാണ്. ഈ സാഹചര്യത്തിൽ ചന്തമുക്കിലെ ഭൂമിയിൽ കെട്ടിട സമുച്ചയം നിർമ്മിക്കുന്നത് വികസനത്തിന് തടസമാകുമെന്നാണ് പൊതു അഭിപ്രായങ്ങൾ.