photo

കൊല്ലം: പുത്തൂർ കരിമ്പിൻപുഴയിൽ രണ്ടര വയസുകാരി വീടിന് പിന്നിലെ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു. കരിമ്പിൻപുഴ സാകേതത്തിൽ അജിത്ത് - ആതിര ദമ്പതികളുടെ ഏക മകൾ അതിഥിയാണ് മരിച്ചത്.

ഇന്നലെ ഉച്ചയോടെയാണ് സംഭവം. അച്ഛനും അമ്മയ്ക്കുമൊപ്പം വീട്ടിൽ ഭക്ഷണം കഴിക്കുന്നതിനിടെ സമീപത്ത് താമസിക്കുന്ന അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും അടുത്ത് പോകുന്നെന്ന് പറഞ്ഞ് പുറത്തേക്ക് ഓടിയതാണ്. അല്പസമയത്തിന് ശേഷം കുട്ടിയെ തിരക്കി അജിത്ത് ചെന്നപ്പോഴാണ് എത്തിയില്ലെന്ന് അറിയുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ വീടിന് പിന്നിലെ വെള്ളക്കെട്ടിന് സമീപം കുട്ടിയുടെ ചെരിപ്പുകൾ കണ്ടെത്തി. നാലടി പൊക്കത്തിൽ വെള്ളമുള്ള കുഴിയിൽ താണുപോയ അതിഥിയെ അച്ഛനാണ് പുറത്തെടുത്തത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

വിദേശത്ത് ജോലി ചെയ്തിരുന്ന അജിത്ത് നാലുവർഷം മുമ്പാണ് നാട്ടിലെത്തിയത്. കൊല്ലത്ത് വാടി കടപ്പുറത്തുനിന്ന് മത്സ്യമെടുത്ത് പെട്ടിഓട്ടോയിൽ വില്പന നടത്തിയാണ് കുടുംബം പുലർത്തിയിരുന്നത്.

മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. ഇന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുവളപ്പിൽ സംസ്കരിക്കും. പുത്തൂർ പൊലീസ് കേസെടുത്തു.