കരുനാഗപ്പള്ളി: സൗദി അറേബ്യ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിലേയ്ക്ക് മടങ്ങിപ്പോകുന്ന പ്രവാസികളുടെ വാക്സിനേഷൻ സർട്ടിഫിക്കറ്റ് നൽകുന്നതുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കണമെന്ന് എ.എം.ആരിഫ് എം.പി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാർ പ്രത്യേക പരിഗണന നൽകി രണ്ടാം ഡോസ് വാക്സിൻ നൽകിയവർക്ക് രണ്ട് ഡോസും സ്വീകരിച്ചത് സ്ഥിരീകരിക്കുന്ന ഒറ്റ വാക്സിനേഷൻ സർട്ടിഫിക്കറ്റ് കേന്ദ്ര സർക്കാർ നൽകണം. സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ വാക്സിൻ സർട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്യുന്നതിന് മുൻപ് സൗദി കോൺസുലേറ്റ് അറ്റസ്റ്റ് ചെയ്തിട്ടുണ്ടാവണം എന്ന നിബന്ധന സമയ നഷ്ടത്തിനും ധന നഷ്ടത്തിനും ഇടയാക്കുന്നു എന്ന പരാതിക്ക് നയതന്ത്ര തലത്തിൽ ഇടപെടൽ നടത്തി അടിയന്തരമായി പരിഹാരം കാണാണമെന്നും കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന്‌ അയച്ച കത്തിൽ എം.പി. ആവശ്യപ്പെട്ടു.