പുനലൂർ: കരവാളൂരിൽ നിയന്ത്രണം വിട്ടെത്തിയ കാർ സമീപത്തെ സ്റ്റേഷനറി കടയിൽ ഇടിച്ച് കയറി അപകടം. കടയുടമ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് . ഭാര്യഇന്ദിരഭായിയുടെ നിർബദ്ധത്തിന് വഴങ്ങിയാണ് അപകടത്തിന് പത്ത് മിനിറ്റിന് മുമ്പ് കടയുടെ ഷട്ടർ താഴ്ത്തിയ ശേഷം വീട്ടിലെത്തിയതെന്ന് കരവാളൂർ മുരയ്ക്കൽ വീട്ടിലെ താമസക്കാരനും മാത്ര സർവീസ് സഹകരണ ബാങ്കിലെ റിട്ട.ജീവനക്കാരനായ രാമചന്ദ്രൻ നായർ(77) പറഞ്ഞു. സാധാരണ നിലയിൽ എല്ലാ ദിവസവും രാവിലെ കട തുറന്ന് സാധനങ്ങൾ നിരത്തി വച്ചശേഷം വരാന്തയിൽ കസേരയിട്ട് അതിലാണ് ഇരിക്കുന്നത്. കടയുടെ വരാന്തയിൽ രാമചന്ദ്രൻ ഇരിക്കുന്ന ഭാഗത്തു കൂടിയാണ് കാർ ഇടിച്ച് ഷട്ടറും തകർത്തു കൊണ്ട് കടക്കുള്ളിൽ കയറിയത്. കാർ ഇടിച്ച് പരിക്കേറ്റ് പാതയോരത്ത് കിടന്ന സ്കൂട്ടർ യാത്രികനായ അരുൺ കുമാറിനെ നാട്ടുകാർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ഇന്നലെ രാവിലെ 11മണിയോടെയായിരുന്നു സംഭവം. അഞ്ചൽ ഭാഗത്ത് നിന്ന് പുനലൂരിലേക്ക് വന്ന കാർ ആണ് നിയന്ത്രണം വിട്ട് സ്കൂട്ടർ യാത്രക്കാരനെ ഇടിച്ച് തെറിപ്പിച്ച ശേഷം കടക്കുള്ളിൽ കയറിയത്.ഡ്രൈവർ ഹരികൃഷ്ണൻ പുനലൂരിലെ സുഹൃത്തിന്റെ കാറുമായി തിരുവനന്തപുരത്തെ തിരുവല്ലത്ത് ബലിതർപ്പണ ചടങ്ങുകൾ കഴിഞ്ഞ് മറ്റുളളവരെ അഞ്ചലിൽ ഇറക്കിയ ശേഷം കാർ തിരികെ കൊടുക്കാൻ കരവാളൂരിൽ എത്തിയപ്പോഴാണ് അപകടം നടന്നതെന്ന് പൊലീസ് പറഞ്ഞു.