ചാത്തന്നൂർ : ലോക്ക് ഡൗൺ സമയത്ത് വ്യാപാര സ്ഥാപനങ്ങൾ തുറക്കുന്നതിൽ നിലനിൽക്കുന്ന ആശയക്കുഴപ്പം മാറ്റണമെന്ന് വ്യാപാരി വ്യവസായി സമിതി കൊല്ലം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാ കളക്ടറുടെ ജൂലായ്‌ 6ലെ ഉത്തരവ് പ്രകാരം വെള്ളിയാഴ്ച നിബന്ധനകളോടെ എല്ലാ വ്യാപാരസ്ഥാപനങ്ങളും തുറക്കാം. എന്നാൽ കഴിഞ്ഞ വെള്ളിയാഴ്ച കൊല്ലം കോർപ്പറേഷൻ പരിധിയിൽ തുണിക്കടകൾ, ചെരുപ്പ് കടകൾ, ഇലക്ട്രോണിക്സ്, ലോട്ടറി, ഫർണിചർ തുടങ്ങിയ വ്യാപാര സ്ഥാപനങ്ങൾ പൊലീസ് അടപ്പിച്ചിരുന്നു. സി കാറ്റഗറിയിൽപ്പെട്ട ഇടങ്ങളിൽ വെള്ളിയാഴ്ച കടകൾ തുറന്ന വ്യാപാരികളെയും തൊഴിലാളികളെയുമാണ് ഇത്തരത്തിൽ ബുദ്ധിമുട്ടിച്ചത്. പ്രശ്നത്തിന് അടിയന്തര പരിഹാരമുണ്ടായില്ലെങ്കിൽ എല്ലാ സ്ഥാപനങ്ങളും തുറന്ന് സമരം ചെയ്യുമെന്ന് ജില്ലാ സെക്രട്ടറി കെ.കെ. നിസാർ പറഞ്ഞു.