vaccine
വാക്സിൻ

ശാസ്താംകോട്ട: പുതിയതായി അനുവദിച്ച വാക്സിൻ വിതരണ കേന്ദ്രങ്ങളുടെ പ്രവർത്തനം അനിശ്ചിതത്വത്തിൽ. വാക്സിൻ വിതരണ കേന്ദ്രങ്ങളിൽ ക്രമാതീതമായി തിരക്ക് വർദ്ധിച്ചതോടെ മിക്ക കേന്ദ്രങ്ങൾക്ക് മുന്നിലും വിവിധ രാഷ്ട്രീയ കക്ഷികൾ പ്രതിഷേധ പരിപാടികളുമായെത്തി. ഇതേ തുടർന്ന് ശക്തമായ സമ്മർദ്ദത്തിനൊടുവിലാണ് ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിൽ മൂന്നു കേന്ദ്രങ്ങൾ കൂടി അനുവദിച്ചത്. ശാസ്താംകോട്ട, മൈനാഗപ്പള്ളി, ശൂരനാട് വടക്ക് പഞ്ചായത്തുകളിലാണ് പുതിയ കേന്ദ്രങ്ങൾ അനുവദിച്ചത് .ഇതിനായി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ശാസ്താംകോട്ടയിൽ മുതുപിലാക്കാട് എൽ.പി.എസ് , മൈനാഗപ്പള്ളിയിൽ വി.വി.എം.എൽ.പി.എസ്, ശൂരനാട് വടക്ക് അഴകിയ കാവ് എൽ.പി.എസ് എന്നീ കേന്ദ്രങ്ങൾ ഏറ്റെടുത്തു വാക്സിൻ വിതരണ കേന്ദ്രത്തിനായി നൽകിയിരുന്നു. ജില്ലാ മെഡിക്കൽ ഓഫീസറുടെ നിർദ്ദേശപ്രകാരം ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ കേന്ദ്രങ്ങൾ സന്ദർശിച്ച് സൗകര്യങ്ങൾ ഉറപ്പു വരുത്തിയെങ്കിലും തുടർ നടപടികളുണ്ടായില്ല. ഇവിടെ വാക്സിൻ വിതരണം ആരംഭിക്കാത്തത് പ്രതിഷേധത്തിനിടയാക്കുന്നു. ലഭ്യമാകുന്ന വാക്സിന്റെ എണ്ണം വർദ്ധിക്കുന്നതോടെ പുതിയ വാക്സിൻ വിതരണം ആരംഭിക്കാൻ കഴിയുമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നു.


കടമ്പകൾ ഏറെ


ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിൽ 3 വാക്സിൻ വിതരണ കേന്ദ്രങ്ങൾ കൂടി അനുവദിച്ചെങ്കിലും ഇവിടേക്ക് ആവശ്യമായ ജീവനക്കാരെ നിയമിക്കുന്നത് സംബന്ധിച്ച് തീരുമാനം ആകാതെയും കൂടുതൽ വാക്സിനുകൾ അനുവദിക്കാതെയും കേന്ദ്രങ്ങൾ തുറക്കാൻ കഴിയില്ല.


ആരോഗ്യ വകുപ്പ് മന്ത്രിക്ക് കത്തു നൽകി


അമ്പതിനായിരത്തിലധികം ജനസംഖ്യയുള്ള മൈനാഗപ്പള്ളി പഞ്ചായത്തിൽ പുതിയ വാക്സിനേഷൻ കേന്ദ്രവും ജനസംഖ്യാ ആനുപാതികമായി വാക്സിനും അനുവദിക്കണമെന്നാവശ്യപ്പെട്ട് മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം.സെയ്ദ്, സെക്രട്ടറി ഡെമാസ്റ്റൻ, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ ഷാജി ചിറയ്ക്കുമേൽ എന്നിവർ ആരോഗ്യ മന്ത്രി വീണാ ജോർജിന് കത്തു നൽകി


സ്പോട്ട് രജിസ്ട്രേഷനിൽ പരാതികൾ


വാക്സിൻ വിതരണ കേന്ദ്രങ്ങളിൽ സ്പോട്ട് രജിസ്ട്രേഷനിൽ ക്രമക്കേടും സ്വജനപക്ഷപാതവുമാണെന്ന് ആക്ഷേപം. സെക്കൻ ഡോസ് വാക്സിന് നൽകേണ്ടവർക്കാണ് മുൻഗണനയെങ്കിലും പഞ്ചായത്ത് അംഗങ്ങൾ ശുപാർശ ചെയ്യുന്നവർക്കു മാത്രമാണ് വാക്സിൻ നൽകുന്നതെന്നാണ് പരാതി .