കടയ്ക്കൽ: ഉമ്മയും ബാപ്പയും ഉപേക്ഷിച്ച് , ഉമ്മൂമ്മയുടെ സംരക്ഷണയിൽ അടച്ചുറപ്പില്ലാത്ത വീട്ടിൽ കഴിയുന്ന കടയ്ക്കൽ ഗവ.ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനി അൻസിയക്ക് കടയ്ക്കൽ, ചിങ്ങേലി ദയ ചാരിറ്റബിൾ ട്രസ്റ്റ് സ്മാർട്ട് ടി.വി നൽകി. കാഴ്ച പരിമിതിയുള്ള അൻസിയക്ക് മൊബൈലിലൂടെ പഠിക്കാൻ ബുദ്ധിമുട്ടായതിനാലാണ് ദയ ട്രസ്റ്റ് ടി.വി നൽകിയത്. ഇതിനോടൊപ്പം ഓൺലൈൻ പഠനസൗകര്യമില്ലാതെ കടയ്ക്കൽ , കുമ്മിൾ, ചിതറ, ഇട്ടിവ ഗ്രാമപഞ്ചായത്തുകളിലെ 10 വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോണുകളും വാങ്ങി നൽകി. ഉപകരണങ്ങളുടെ വിതരണോദ്ഘാടനം മന്ത്രി ജെ ചിഞ്ചുറാണി നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം സുധിൻ കടയ്ക്കൽ, ദയ ട്രസ്റ്റ് സെക്രട്ടറി മുഹമ്മദ് ഷിബു തുടങ്ങിയവർ സംസാരിച്ചു. ട്രസ്റ്റ് ഭാരവാഹികളായ എ. ഗിരീഷ്, വി .എസ്. ഗിരീഷ്, പി .രതീഷ്, എം. നൗഷാദ് തുടങ്ങിയവരുടെ നേതൃത്വത്തിൽ ഡിജിറ്റൽ ഉപകരണങ്ങൾ വിദ്യാർത്ഥികൾക്ക് വീടുകളിൽ എത്തിച്ച് നൽകി.