തങ്കശേരി പൈതൃക ടൂറിസം പദ്ധതിക്ക് പ്രാഥമിക രൂപരേഖ
കൊല്ലം: സംസ്ഥാനസർക്കാർ ബഡ്ജറ്റിൽ പ്രഖ്യാപിച്ച തങ്കശേരി ടൂറിസം പദ്ധതിയുടെ പ്രാഥമിക രൂപരേഖ തയ്യാറായി. പൈതൃകകേന്ദ്രങ്ങളുടെ പുനരുദ്ധാരണത്തിൽ വൈദഗ്ദ്ധ്യമുള്ള ഏജൻസിയെക്കൊണ്ട് വിശദമായ രൂപരേഖ ഉടൻ തയ്യാറാക്കും. കഴിഞ്ഞസർക്കാരിന്റെ അവസാന ബഡ്ജറ്റിൽ 10 കോടി രൂപയാണ് തങ്കശേരി ടൂറിസം പദ്ധതിക്കായി പ്രഖ്യാപിച്ചത്. ഇത്തവണത്തെ ബഡ്ജറ്റിൽ രണ്ടുകോടി രൂപ അനുവദിക്കുകയും ചെയ്തിട്ടുണ്ട്.
ഇപ്പോൾ തങ്കശേരി പോസ്റ്റ് ഓഫീസ് പ്രവർത്തിക്കുന്നകെട്ടിടം ബ്രട്ടീഷ് ഭരണകാലത്ത് എക്സിക്യുട്ടീവ് മജ്സിട്രേറ്റിന്റെ കാര്യാലമായിരുന്നു. പോസ്റ്റ് ഓഫീസ് മാറ്റിസ്ഥാപിച്ച് തടവറ അടക്കമുള്ള പതിറ്റാണ്ടുകൾ പഴക്കമുള്ള ഈകെട്ടിടത്തെ ചരിത്ര മ്യൂസിയമാക്കാനാണ് തീരുമാനം. തങ്കശേരികമാനം നവീകരിക്കുന്നതിനൊപ്പം ബീച്ചുവരെയുള്ള നടപ്പാതയിൽ പരമ്പരാഗത തറയോടുകൾ പാകും. വശങ്ങളിൽ സാധാരണ തെരുവുവിളക്കുകൾക്ക് പകരം ബ്രട്ടീഷ് മാതൃകയിലുള്ള അലങ്കാരദീപങ്ങൾ സ്ഥാപിക്കും. സഞ്ചാരിക്കൾക്ക് വിശ്രമിക്കാൻ ഇരിപ്പിടങ്ങളും തണൽപരത്താൻ വൃക്ഷങ്ങളും വച്ചുപിടിപ്പിക്കും.
ഡച്ച് - ബ്രട്ടീഷ് സെമിത്തേരി
നൂറ്റാണ്ടുകൾ പഴക്കമുള്ള തങ്കശേരിയിലെ ഡച്ച് - ബ്രട്ടീഷ് സെമിത്തേരി പുനരുദ്ധരിക്കും. ഇവിടെ ഇപ്പോൾ വളരെക്കുറച്ച് ശവക്കല്ലറകൾ മാത്രമേ അവശേഷിക്കുന്നുള്ളൂ. ഇവ സംരക്ഷിക്കാനായി ഇവിടെ താമസിക്കുന്ന 30 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കും. ഇവർക്ക് ഫ്ലാറ്റ് നിർമ്മിച്ച് നൽകുന്നതിനുള്ള സ്ഥലം കണ്ടെത്താൻ എം. മുകേഷ് എം.എൽ.എ, കളക്ടർ, മേയർ എന്നിവരുടെ നേതൃത്വത്തിലുള്ളസംഘം ഇന്ന് സ്ഥലം പരിശോധിക്കും.
കഴിഞ്ഞസർക്കാരിന്റെ അവസാന ബഡ്ജറ്റിൽ തങ്കശേരി ടൂറിസം പദ്ധതിക്കായി പ്രഖ്യാപിച്ചത് : 10 കോടി രൂപ
ഇത്തവണത്തെ ബഡ്ജറ്റിൽ അനുവദിച്ചത്: 2 കോടി രൂപ
ബീച്ചുവരെയുള്ളനടപ്പാതയിൽ പരമ്പരാഗത തറയോടുകൾ
വശങ്ങളിൽ ബ്രട്ടീഷ് മാതൃകയിലുള്ള അലങ്കാര ദീപങ്ങൾ
സഞ്ചാരിക്കൾക്ക് വിശ്രമിക്കാൻ മനോഹരമായ ഇരിപ്പിടങ്ങൾ
തണൽ പരത്താൻ കൂടുതൽ വൃക്ഷങ്ങളും വച്ചുപിടിപ്പിക്കും
പ്രത്യേക യോഗം
തങ്കശേരി പൈതൃക ടൂറിസം പദ്ധതിയുടെ നടത്തിപ്പിന് പുറമേ ജില്ലയിൽ പുതുതായി നടപ്പാക്കേണ്ട ടൂറിസം പദ്ധതികൾ സംബന്ധിച്ച ആലോചനകൾക്കായി മന്ത്രിയുടെ സാന്നിദ്ധ്യത്തിൽ വൈകാതെ പ്രത്യേക യോഗം ചേരും.