photo
താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.വിജയകുമാർ പദ്ധതി വിശദീകരണം നടത്തുന്നു.

.കരുനാഗപ്പള്ളി: താലൂക്ക് ലൈബ്രറി കൗൺസിൽ കുടുംബശ്രീ ജില്ലാ മിഷനുമായി ചേർന്ന് നടപ്പാക്കുന്ന അതിജീവനത്തിന് പെൺവായന എന്ന പദ്ധതിക്ക് കരുനാഗപ്പള്ളിയിൽ തുടക്കമായി. സ്ത്രീകളെ നിരന്തര വായനക്ക് സജ്ജമാക്കുക വഴി അവരുടെ സാംസ്കാരിക നിലവാരം ഉയർത്തുകയാണ് പദ്ധതി ലക്ഷ്യമിടുന്നതെന്ന് താലൂക്ക് ലൈബ്രറി കൗൺസിൽ ഭാരവാഹികൾ പറഞ്ഞു. ആദ്യഘട്ടത്തിൽ 100 കേന്ദ്രങ്ങളിലായി 1000 സ്ത്രീകൾ പങ്കെടുക്കുന്ന വായനാ മത്സരം സംഘടിപ്പിക്കും. കുടുംബശ്രീ പ്രവർത്തകർ, ഉദ്യോഗസ്ഥകൾ, വിദ്യാർത്ഥിനികൾ, വീട്ടമ്മമാർ എന്നിങ്ങനെ നാലുമേഖലകളിലായാണ് മത്സരം നടത്തുക. ആദ്യവായനക്കായി 5 പുസ്തകങ്ങൾ അടങ്ങിയ സഞ്ചി നൽകും. വായിച്ച പുസ്തകങ്ങളുടെ ആസ്വാദനകുറിപ്പ് നൽകി കൊണ്ടാണ് രജിസ്ട്രേഷൻ നടത്തുക. തുടർന്ന് പഞ്ചായത്ത്, താലൂക്ക് തലങ്ങളിൽ വായനാ മത്സരങ്ങളും കലാ മത്സരങ്ങളും സംഘടിപ്പിക്കും. പ്രാഥമിക മത്സരത്തിൽ പങ്കെടുക്കുന്നവർക്ക് വീട്ടിൽ തന്നെ തുടർച്ചയായി പുസ്തകങ്ങൾ ലഭ്യമാക്കാൻ തൊട്ടടുത്തുള്ള ഗ്രന്ഥശാലകൾക്ക് നിർദ്ദേശം നൽകും. രജിസ്റ്റർ ചെയ്യുന്ന സ്ത്രീകൾ ആഗസ്റ്റ് 15 ന് സ്വവസതികളിൽ ഒരു ഫലവൃക്ഷത്തൈ നട്ടുകൊണ്ടായിരിക്കും വായനക്ക് തുടക്കം കുറിക്കുക . പദ്ധതിയുടെ വിപുലമായ നടത്തിപ്പിനായുള്ള താലൂക്ക്തല, പഞ്ചായത്ത്തല ജാഗ്രതാ സമിതികളുടെ സംഘാടനം പൂർത്തിയായി. താലൂക്ക് സംഗമം പ്രൊഫ. എ .ജി. ഒലീന ഉദ്ഘാടനം ചെയ്തു. കരുനാഗപ്പള്ളി മുനിസിപ്പൽ വിദ്യാഭ്യാസ സമതി ചെയർപേഴ്സൺ എസ്. ശ്രീലത അദ്ധ്യക്ഷയായി. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി .വിജയകുമാർ പദ്ധതി വിശദീകരണം നടത്തി. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി, കുടുംബശ്രീ മിഷൻ ജില്ലാ കോർഡിനേറ്റർ എ .ജി .സന്തോഷ്, അസിസ്റ്റന്റ് കോർഡിനേറ്റർ വി. ആർ. അജു,​ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി. ബി. ശിവൻ, എഴുത്തുകാരി എം. ബി .മിനി, വി .പി . ജയപ്രകാശ് മേനോൻ എന്നിവർ സംസാരിച്ചു. ആർ. കെ. ദീപ സ്വാഗതവും എസ് .വത്സലകുമാരി നന്ദിയും പറഞ്ഞു. താലൂക്ക്തല സമതി ഭാരവാഹികളായി എസ്.ശ്രീലത (ചെയർപേഴ്സൺ ), എസ്.സിന്ധു (കൺവീനർ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.