പടിഞ്ഞാറെ കല്ലട : പഞ്ചായത്തിലെ നെൽപ്പുരക്കുന്നിലെ വെസ്റ്റ് കല്ലട ഗവ.ഹയർ സെക്കൻഡറി സ്കൂളിനും ഗവ.എൽ.പി സ്കൂളിനും പുതിയ കെട്ടിടങ്ങൾ നിർമ്മിക്കാൻ സർക്കാരിൽ നിന്ന് ഫണ്ട് അനുവദിക്കണമെന്നാവശ്യപ്പെട്ട് പടിഞ്ഞാറേക്കല്ലട മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും എൽ.ഡി.എഫ് പഞ്ചായത്ത് കൺവീനറുമായ എൻ. യശ്പാൽ മന്ത്രി കെ.എൻ. ബാലഗോപാലിന് നിവേദനം നൽകി. 100 വർഷത്തിലധികം പഴക്കം ചെന്ന ഇവിടുത്തെ ഗവ.എൽ .പി സ്കൂൾ കെട്ടിടത്തിന്റെ അവസ്ഥയും വളരെ ഗുരുതരമാണ്. സർക്കാർ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇന്നേവരെ നൽകിയിട്ടില്ല. 200-ൽ അധികം കുട്ടികൾ പഠിയ്ക്കുന്ന സ്കൂൾ കൂടിയാണിത്. ഈ രണ്ട് സ്കൂളുകൾക്കും പുതിയ കെട്ടിടം നിർമ്മിക്കുന്നതിനാവശ്യമായ ഫണ്ട് സർക്കാരിൽ നിന്ന് അനുവദിച്ചു കിട്ടുവാൻ വേണ്ട നടപടി സ്വീകരിയ്ക്കുന്നതോടൊപ്പം കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം ഹൈടെക് പദവിയിലേക്ക് ഉയർത്തുവാൻ വേണ്ട നടപടി കൂടി സ്വീകരിയ്ക്കണമെന്നാണ് നിവേദനത്തിലെ ആവശ്യം.