പുത്തൂർ: വീടിനോട് ചേർന്നുള്ള വെള്ളക്കെട്ടിൽ വീണ് മരിച്ച രണ്ടര വയസുകാരി അതിഥിക്ക് കരിമ്പിൻപുഴ ഗ്രാമത്തിന്റെ അശ്രുപൂജ. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെയാണ് അതിഥിയുടെ ചേതനയറ്റ ശരീരം പുത്തൂർ കരിമ്പിൻപുഴ സാകേതം വീട്ടിലെത്തിച്ചത്. കൊവിഡ് പശ്ചാത്തലത്തിലും രാവിലെ മുതൽ വൻ ജനാവലി വീട്ടുപരിസരത്ത് കാത്തുനിൽപ്പുണ്ടായിരുന്നു. ആംബുലൻസിൽ നിന്ന് മൃതദേഹം പുറത്തെടുത്തതോടെ അലമുറകൾ ഉച്ചത്തിലായി. അതിഥിയുടെ അച്ഛൻ അജിത്തിനെയും അമ്മ ആതിരയെയും ആശ്വസിപ്പിക്കാൻ ബന്ധുക്കളും ഏറെ പ്രയാസപ്പെട്ടു. രണ്ടരയോടെ വീട്ടുവളപ്പിൽ അടക്കം ചെയ്തു. ശനിയാഴ്ച ഉച്ചയ്ക്ക് അച്ഛനും അമ്മയ്ക്കുമൊപ്പം ചോറുകഴിച്ചുകൊണ്ടിരുന്ന കുട്ടി തൊട്ടടുത്ത് താമസിക്കുന്ന മുത്തശ്ശന്റെയും മുത്തശ്ശിയുടെയും അടുത്തേക്ക് പോകുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്.