കുന്നിക്കോട് : കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കിടെ നിര്യാതനായ ഡി.വൈ.എഫ്.ഐ നേതാവിന്റെ കുടുംബത്തിന് കുടുംബസഹായ ഫണ്ട് നൽകി. ഡി.വൈ.എഫ്.ഐ ഇളമ്പൽ മേഖലാ വൈസ് പ്രസിഡന്റായിരുന്ന മരങ്ങാട് താന്നിത്തടം ചരുവിള വീട്ടിൽ അനിൽ കുമാറിന്റെ കുടുംബത്തിനാണ് കുടുംബസഹായ ഫണ്ട് നൽകിയത്. ഡി.വൈ.എഫ്. . സി.പി.എം. പ്രവർത്തകരാണ് അനിൽ കുമാറിന്റെ കുടുംബത്തിന് നൽകാനുള്ള തുക സമാഹരിച്ചത്. ഇളമ്പൽ ജംഗ്ഷനിൽ നടന്ന ചടങ്ങിൽ ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടറി എ.എ.റഹീം അനിൽ കുമാറിന്റെ കുടുംബത്തിന് 8,66,220 രൂപയുടെ ചെക്ക് കൈമാറി.
ഇക്കഴിഞ്ഞ മേയ് 12നാണ് കൊവിഡ് ബാധിച്ച് മരണപ്പെട്ട വ്യക്തിയുടെ മൃതദേഹം സംസ്കരിച്ചതിന് ശേഷം വീട്ടിലെത്തിയ അനിൽ കുമാർ കുഴഞ്ഞ് വീണ് മരിച്ചത്. പ്രദേശത്ത് കൊവിഡ് ബാധിച്ച് മരണപ്പെട്ട നിരവധി പേരുടെ മൃതദേഹങ്ങൾ സംസ്കരിക്കാൻ നേതൃത്വം നൽകാനും അനിൽ കുമാർ മുൻനിരയിൽ ഉണ്ടായിരുന്നു.
ചടങ്ങിൽ ഡി.വൈ.എഫ്.ഐ കുന്നിക്കോട് ബ്ലോക്ക് പ്രസിഡന്റ് എ.എ.വാഹിദ് അദ്ധ്യക്ഷനായ. സി.പി.എം ജില്ലാ കമ്മിറ്റി അംഗം ആർ.സഹദേവൻ, സി.പി.എം ഏരിയ സെക്രട്ടറിമാരായ എസ്. മുഹമ്മദ് അസ്ലം, എൻ.ജഗദീശൻ, ഡി.വൈ.എഫ്.ഐ കേന്ദ്രകമ്മിറ്റി അംഗം ചിന്ത ജെറോം, ജില്ലാ സെക്രട്ടറി എസ്.ആർ.അരുൺ ബാബു, ജില്ലാ പ്രസിഡന്റ് ശ്യാം മോഹൻ, ജില്ലാ പഞ്ചായത്തംഗം അനന്ദു പിള്ള, സി. വിജയൻ, കെ.ഹർഷകുമാർ, ഷൈൻ പ്രഭ, റോയി മാത്യു, ഗിരീഷ് തമ്പി എന്നിവർ പ്രസംഗിച്ചു.