കുന്നിക്കോട് : കൊല്ലം-തിരുമംഗലം ദേശീയപാതയിൽ വിളക്കുടി അമ്പലമുക്കിൽ വാഹനാപകടം പതിവാകുന്നു. കഴിഞ്ഞ ദിവസം തമിഴ്നാട്ടിൽ നിന്ന് കൊല്ലത്തേക്ക് മീനും കൊണ്ട് വന്ന പിക്ക് അപ്പ് വാൻ ലോറിയുമായിട്ട് കൂട്ടിയിടിച്ച് പിക്ക് അപ്പ് വാനിന്റെ മുൻഭാഗം പൂർണമായും തകർന്നു. ഡ്രൈവർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. അപകടത്തിൽപ്പെട്ട ലോറിയ്ക്കും സാരമായ കേടുപാടുകൾ സംഭവിച്ചു. ലോറിയുടെ ഡ്രൈവറിനും പരിക്ക് പറ്റിയിരുന്നു.
ദേശീയ പാതയിൽ വിളക്കുടി അമ്പലമുക്ക് ഭാഗത്ത് നല്ല വളവോട് കൂടിയാണ് പാത കടന്ന് പോകുന്നത്. ദിശാസൂചികകൾ ഉണ്ടെങ്കിലും എളുപ്പത്തിൽ ഡ്രൈവർമാരുടെ ശ്രദ്ധയിൽപ്പെടുന്ന രീതിയിലല്ല സ്ഥാപിച്ചിട്ടുള്ളത്. അപായസൂചിക ബോർഡുകളും രാത്രി കാലങ്ങളിൽ വൈദ്യുതിയിൽ പ്രവർത്തിക്കുന്ന സിഗ്നൽ വിളക്കുകളും സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്.