kotarakara
കൊട്ടാരക്കര ശാസ്താംകോട്ട റോഡ്

ഒന്നാം ഘട്ടത്തിന് 17.83 കോടി

രണ്ടാം ഘട്ടത്തിന് 35 കോടി

കൊട്ടാരക്കര- ശാസ്താംകോട്ട റോഡിന് 20.80 കോടി

കൊട്ടാരക്കര: കൊട്ടാരക്കരയിലെ റിംഗ് റോഡിന്റെ നിർമ്മാണം പുനരാരംഭിക്കും. കരാറുകാർ പിൻമാറിയതിനെത്തുടർന്ന് പാതിവഴിയിൽ നിലച്ച റോഡ് നിർമ്മാണം ത്വരിതപ്പെടുത്താൻ മന്ത്രി കെ.എൻ.ബാലഗോപാൽ ഇടപെട്ടു. കൊല്ലം-തിരുമംഗലം ദേശീയപാതയിൽ നെടുവത്തൂരിൽ നിന്ന് തുടങ്ങി ദേശീയപാതയുടെ കിഴക്കേത്തെരുവ് വരെയുള്ള ഒന്നാം ഘട്ട നിർമ്മാണമാണ് മുടങ്ങിക്കിടക്കുന്നത്. 17.83 കോടി രൂപയാണ് ഇതിനായി അനുവദിച്ചിരുന്നത്. നെടുവത്തൂർ താമരശേരി ജംഗ്ഷനിൽ നിന്ന് തുടങ്ങി വല്ലം, അവണൂർ, ആലഞ്ചേരി, മൈലം, പാറക്കടവ്, ഡീസന്റ്മുക്ക്, ബാപ്പുജിനഗർ, പാലനിരപ്പ് ജംഗ്ഷൻ വഴിയാണ് കിഴക്കേത്തെരുവിലെത്തുക.

നിർമ്മാണം തുടങ്ങിയിട്ട് മൂന്ന് വർഷം

രണ്ടാം ഘട്ടം കിഴക്കേത്തെരുവ് സെന്റ് മേരീസ് സ്കൾ ജംഗ്ഷനിൽ നിന്ന് തുടങ്ങി എം.സി റോഡിൽ ലോവർ കരിക്കത്ത് എത്തി, തട്ടം ജംഗ്ഷൻ, തൃക്കണ്ണമംഗൽ, ഇ.ടി.സി, കല്ലുവാതുക്കൽ, നീലേശ്വരംമുക്ക്, ജവഹർ നഗർ, മുക്കോണിമുക്കുവഴി ദേശീയപാതയിൽ താമരശേരി ജംഗ്ഷനിലെത്താനാണ് നിശ്ചയിച്ചത്. രണ്ടാം ഘട്ടത്തിന് 35 കോടി രൂപയുടെ പദ്ധതിയും തയ്യാറാക്കിയിരുന്നു. ആദ്യഘട്ടത്തിന്റെ നിർമ്മാണം തുടങ്ങി മൂന്ന് വർഷം പിന്നിട്ടിട്ടും കാര്യമായ പുരോഗതി ഉണ്ടായില്ല. അവണൂർ, വല്ലം പ്രദേശത്ത് നിർമ്മാണത്തിനായി വെട്ടിപ്പൊളിച്ച റോഡിൽ ഏറെക്കാലം ഗതാഗത തടസമുണ്ടായിരുന്നു. ശക്തമായ പ്രതിഷേധത്തെത്തുടർന്ന് ഒരു വശത്ത് നാമമാത്ര ടാറിംഗ് നടത്തി വാഹനം കടന്നുപോകാൻ സൗകര്യമുണ്ടാക്കിയതാണ് ആശ്വാസം. റിംഗ് റോഡിന്റെ ആവശ്യകതയെച്ചൊല്ലി ഇപ്പോഴും തർക്കങ്ങളുണ്ട്. കോടികൾ ചെലവിട്ട് നടപ്പാക്കുന്ന പദ്ധതി വേണ്ടത്ര ഗുണം ചെയ്യില്ലെന്ന ആക്ഷേപം നിലനിൽക്കുന്നതിനിടയിലാണ് കരാറുകാരന്റെ പിൻമാറ്റവും.

മന്ത്രി ഇടപെട്ടു,​ നിർമ്മാണം ഉടൻ

ഇപ്പോൾ മന്ത്രി കെ.എൻ.ബാലഗോപാൽ ഇടപെട്ട് ഉന്നതതല യോഗം വിളിച്ചുചേർത്താണ് നിർമ്മാണം പുനരാരംഭിക്കാൻ തീരുമാനമെടുപ്പിച്ചത്.

.മന്ത്രി കെ.എൻ.ബാലഗോപാലിന്റെ നേതൃത്വത്തിൽ നഗരസഭ ചെയർമാൻ എ.ഷാജു, കിഫ്ബി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സത്യജിത്ത് രാജൻ, ജനറൽ മാനേജർ പി.എ.ഷൈല, സീനിയർ കൺസൾട്ടന്റ് അനിൽ തോമസ്, താലൂക്ക് ആശുപത്രി നിർമ്മാണ ചുമതലയുള്ള എസ്.പി.വിമാർ, വൈദ്യുത വകുപ്പ് ഉദ്യോഗസ്ഥർ, വിവിധ ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

കൊട്ടാരക്കര- ശാസ്താംകോട്ട റോഡും പൂർത്തിയാക്കും

ശാസ്താംകോട്ട-കൊട്ടാരക്കര-നീലേശ്വരം- കോടതി സമുച്ചയം റോഡിന്റെ നിർമ്മാണവും പുനരാരംഭിക്കാൻ തീരുമാനമായി. കിഫ്ബിയിൽ ഉൾപ്പെടുത്തി 20.80 കോടി രൂപയാണ് റോഡിനായി അനുവദിച്ചിരുന്നത്. ആദ്യഘട്ട ടാറിംഗ് നടത്തിയ റോഡിന്റെ പലയിടത്തും കുഴികൾ രൂപപ്പെട്ടുതുടങ്ങിയിട്ടുണ്ട്. റോഡിന്റെ സംരക്ഷണ ഭിത്തികളും പുനർനിർമ്മിക്കാത്ത ഭാഗങ്ങളുമുണ്ട്. പാതിവഴിയിൽ നിർമ്മാണം നിലച്ചത് പുനരാരംഭിക്കാനും കിഫ്ബി ഉദ്യോഗസ്ഥരടക്കം പങ്കെടുത്ത യോഗത്തിൽ തീരുമാനിച്ചു.