sres
രാജേഷ്

കൊല്ലം: ഓടിക്കൊണ്ടിരുന്ന ട്രെയിനിനും ഫ്ലാറ്റ്ഫോമിനും ഇടയിൽപ്പെട്ട വയോധികന്റെ ജീവൻ രക്ഷിച്ച് റെയിൽവേ ജീവനക്കാരൻ മാതൃകയായി. കൊല്ലം മുണ്ടയ്ക്കൽ, എച്ച് ആൻഡ് സി കോമ്പൗണ്ട് പുതുമംഗലത്ത് വീട്ടിൽ രാജേഷാണ് എഴുപത്തിയഞ്ച് പിന്നിട്ടയാളുടെ ജീവൻ രക്ഷിച്ചത്. കൊല്ലം റെയിൽവേ സ്റ്റേഷനിൽ വെള്ളിയാഴ്ച വൈകിട്ട് മൂന്ന് മണിക്കാണ് സംഭവം. റെയിൽവേ ചീഫ് ബുക്കിംഗ് ക്ലാർക്കായ രാജേഷ് തിരുവനന്തപുരത്ത് നിന്നുള്ള ജനശതാബ്ദിയിൽ റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങി പ്ലാറ്റ്ഫോമിലൂടെ നടക്കുകയായിരുന്നു. ട്രെയിൻ വീണ്ടും മുന്നോട്ട് നീങ്ങിത്തുടങ്ങിയപ്പോൾ ഒരു വയോധികൻ കോച്ചിലേക്ക് ബാഗ് എടുത്തുവച്ച ശേഷം ചാടിക്കയറാൻ ശ്രമിച്ചു. പക്ഷെ പ്ലാറ്റ്ഫോമിനും ട്രാക്കിനും ഇടയിലേക്ക് വീണു. ശരീരത്തിന്റെ പകുതിയോളം പ്ലാറ്റ്ഫോമിന് താഴെയായിരുന്നെങ്കിലും വയോധികൻ കമ്പാർട്ട്മെന്റിന്റെ കമ്പിയിൽ നിന്ന് പിടിവിട്ടിരുന്നില്ല. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ട രാജേഷ് ഉടൻ തന്നെ ഓടി അടുത്തെത്തി വയോധികനെ എടുത്തുയർത്തി രക്ഷിക്കുകയായിരുന്നു. അല്പം കൂടി വൈകിയിരുന്നെങ്കിൽ ട്രെയിനിന്റെ വേഗത വർദ്ധിച്ച് വയോധികന്റെ ജീവൻ നഷ്ടമാകുമായിരുന്നു. വയോധികനെ എടുത്തുയർത്തിയ ശേഷം മറിഞ്ഞുവീണ രാജേഷിന് നിസാര പരിക്കേറ്റു. അദ്ദേഹം റെയിൽവേ ആശുപത്രിയിൽ ചികിത്സ തേടി. പ്ലാറ്റ്ഫോമിൽ ശരീരം ഉരഞ്ഞ് വയോധികനും പരിക്കേറ്റു. റെയിൽവേ ജീവനക്കാരുടെ സംഘടനയായ എസ്.ആർ.എ.എസിന്റെ അഡിഷണൽ ഡിവിഷൻ സെക്രട്ടറിയാണ് രാജേഷ്.