കുണ്ടറ : പേരയത്ത് അനധികൃത ഗ്യാസ് ഗോഡൗണിൽ ഗ്യാസ് സിലണ്ടർ പൊട്ടിത്തെറിച്ച് ഒരാൾക്ക് പരിക്ക്. ഗോഡൗണിലുണ്ടായിരുന്ന കണ്ടച്ചിറ സ്വദേശി നൗഫലിനാണ് പരിക്കേറ്റത്. ഇദ്ദേഹത്തിനെ പാരിപ്പള്ളി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പേരയം വരമ്പ് ഭാഗത്തെ മുൻ സർവീസ് സ്റ്റേഷനിനുള്ളിലായിരുന്നു അനധികൃത ഗ്യാസ് ഗോഡൗൺ പ്രവർത്തിച്ചിരുന്നത്. ഇവിടെ സിലണ്ടറിനുള്ളിൽ ഗ്യാസ് നിറക്കുന്ന ഉപകരണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. 100 ഓളം ഗ്യാസ് സിലണ്ടറുകളും സൂക്ഷിച്ചിട്ടുണ്ടായിരുന്നു. ഇതിൽ ഒരു സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്. ഗ്യാസ് സിലണ്ടറുകൾ സൂക്ഷിച്ചിരുന്ന ഷെഡിന്റെ മേൽക്കൂര പൂർണമായും തകർന്നു. കുണ്ടറ ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തിയാണ് തീ കെടുത്തിയത്. കുണ്ടറ പൊലീസ് അന്വേഷണം ആരംഭിച്ചു.