സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്കായി പദ്ധതികൾ
കൊല്ലം: സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമം ഇല്ലാതാക്കുന്നതിന് കാതോർത്ത്, പൊൻവാക്ക്, രക്ഷാദൂത് എന്നീ പേരുകളിൽ വനിതാശിശുക്ഷേമ വകുപ്പ് മൂന്നിന കർമ്മ പദ്ധതികൾ പുറത്തിറക്കി. നിയമസഹായം, പൊലീസ് സഹായം, ഓൺലൈൻ കൗൺസലിംഗ് എന്നിവ സ്ത്രീകൾക്ക് സൗജന്യമായി ലഭ്യമാക്കുന്ന പദ്ധതിയാണ് ‘കാതോർത്ത് '. ശൈശവവിവാഹം തടയാനാണ് പൊൻവാക്ക് പദ്ധതി ആരംഭിച്ചത്. ഗാർഹികപീഡനവുമായി ബന്ധപ്പെട്ടുള്ള പരാതികൾ പരിഹരിക്കാൻ തപാൽവകുപ്പുമായി ചേർന്ന് നടപ്പാക്കുന്ന പദ്ധതിയാണ് രക്ഷാദൂത്.
ഗാർഹിക അതിക്രമവുമായി ബന്ധപ്പെട്ട പരാതികൾ ജില്ലാതല വനിതാസംരക്ഷണ ഓഫീസർമാരും കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങളുമായി ബന്ധപ്പെട്ട പരാതികൾ ജില്ലാശിശുസംരക്ഷണ ഓഫീസർമാരും അന്വേഷിച്ച് തുടർനടപടി കൈക്കൊള്ളും. നടപടിക്രമങ്ങൾ രഹസ്യമായിരിക്കുമെന്നതിനാൽ ഇവ ഏറെപ്പേർക്ക് ഗുണം ചെയ്യും.
കാതോർത്ത്
kathorthu.wcd.kerala.gov.in പോർട്ടലിൽ പരാതികൾ രജിസ്റ്റർ ചെയ്യാം
കൗൺസലിംഗ്, നിയമസഹായം, പൊലീസ് സഹായം എന്നിവ അടിസ്ഥാനമാക്കി പരാതികളെ തരംതിരിക്കും
കൺസൾട്ടന്റുകളുടെ സഹായം ലഭ്യമാകുന്ന സമയം അറിയിക്കും
ലീഗൽ ആൻഡ് സൈക്കോളജിക്കൽ കൺസൾട്ടന്റുമാർ, മനഃശാസ്ത്ര വിദഗ്ദ്ധർ എന്നിവരുടെ ഓൺലൈൻ സേവനം ലഭ്യമാക്കും
പൊലീസ് സഹായം ആവശ്യമെങ്കിൽ വനിതാസെല്ലിന്റെ സേവനം ലഭിക്കും
പരാതികളിൽ 48 മണിക്കൂറിനുള്ളിൽ നടപടി സ്വീകരിക്കും
പൊൻവാക്ക്
ശൈശവ വിവാഹങ്ങൾ തടയുന്നതിനായി ആരംഭിച്ച പദ്ധതി
പൊതുജനത്തിന്റെ പങ്കാളിത്തത്തോടു കൂടി നടപ്പാക്കും
ശൈശവ വിവാഹത്തെപ്പറ്റി വിവരം നൽകുന്നവർക്ക് 2500 രൂപ പാരിതോഷികം
സന്ദേശം നൽകുന്നവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും
വിവാഹത്തിനുശേഷമാണ് വിവരം കൈമാറുന്നതെങ്കിൽ പാരിതോഷികം ലഭിക്കില്ല
രക്ഷാദൂത്
ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കാൻ തപാൽ വകുപ്പുമായി ചേർന്നുള്ള പദ്ധതി
സ്ത്രീകൾക്കോ കുട്ടികൾക്കോ അവരുടെ പ്രതിനിധികൾക്കോ പരാതി നൽകാം
പരാതികൾ 'തപാൽ’ എന്ന് രേഖപ്പെടുത്തി സ്റ്റാമ്പ് പതിക്കാതെ തന്നെ പോസ്റ്റ് ഓഫീസിൽ നൽകണം
പിൻകോഡ് ഉൾപ്പടെയുള്ള സ്വന്തം മേൽവിലാസം പരാതിയിൽ രേഖപ്പെടുത്തണം
പരാതികൾ വേഗത്തിൽ കൈകാര്യം ചെയ്യാൻ തപാൽ വകുപ്പിന് പ്രത്യേകസംവിധാനം
ലഭിക്കുന്ന പരാതികൾ പോസ്റ്റ്മാസ്റ്റർ സ്‌കാൻ ചെയ്ത് വനിതാ ശിശുവികസന വകുപ്പിന് ഇ-മെയിൽ വഴി കൈമാറും
ഫോൺ നമ്പറുകൾ
കാതോർത്ത് : ഹെൽപ് ലൈൻ - 181
പൊൻവാക്ക്: 9188969202
രക്ഷാദൂത്: 0474 2992806, 9497667365